ശബരിമല ഹെല്പ് ഡെസ്ക്
1479943
Monday, November 18, 2024 4:48 AM IST
പത്തനംതിട്ട: ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഹെല്പ് ഡെസ്കില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് വിവിധ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാണ്.
ഹെല്പ് ഡെസ്കില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്, മെഡിസിന്, പഴങ്ങള്‍, യാത്രാസൗകര്യം, ചുക്ക് കാപ്പി, സ്നാക്സ്, പാനീയങ്ങള്‍, ചൂടുവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്യും.
ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 21ന് വൈകുന്നേരം 4.30 ന് നിര്‍വഹിക്കും. രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന് മുഖ്യസന്ദേശം നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പങ്കെടുക്കും.
ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം നടത്തുക.
കോന്നിയില്‍ ശബരിമല എയ്ഡ് പോസ്റ്റ്
കോന്നി: കോന്നിയില്‍ ശബരിമല പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു. കോന്നി ടൗണില്‍ പോലീസിന്റെ ശബരിമല എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം കോന്നി ഡിവൈഎസ്പി ടി. രാജപ്പന് നര്‍വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്താണ് ടൗണില്‍ സംവിധാനം ഒരുക്കിയത്. തീര്‍ഥാടന കാലം കഴിയുന്നതുവരെ 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കുമെന്നും അയ്യപ്പഭക്തര്‍ക്കുവേണ്ട പോലീസ് സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ചുക്കുകാപ്പി വിതരണം, അയ്യപ്പഭക്തര്‍ക്ക് വേണ്ട സേവനങ്ങള്‍, ട്രാഫിക് ക്രമീകരണം തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കായി എയ്ഡ്പോസ്റ്റ് പ്രയോജനപ്പെടുത്തും.