എണ്ണൂറാംവയലില്‍ വയല്‍ ഒരുക്കി കുട്ടിക്കൂട്ടം
1479945
Monday, November 18, 2024 4:48 AM IST
വെച്ചൂച്ചിറ: വയലില്ലാത്തൊരു എണ്ണൂറാംവയലില്‍ വയലൊരുക്കി കുട്ടിക്കൂട്ടം. എണ്ണൂറാംവയലിലെത്തുന്നവര് ആദ്യം ചോദിക്കുന്ന ചോദ്യമാണ് എവിടെയാണ് വയല്‍ എന്നത്. ചോദ്യം കേട്ടു മടുത്ത കുട്ടിക്കൂട്ടം വയലൊരുക്കാന്‍ തീരുമാനിച്ചിറങ്ങിയപ്പോള്‍ എണ്ണൂറാംവയല്‍ സിഎംഎസ് എല്‍പി സ്കൂളിന്റെ മുറ്റത്ത് മനോഹരമായ നെല്‍വയല്‍ കതിരണിഞ്ഞു നില്ക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കും.
വിത്ത് വിതയ്ക്കലും ഞാറു നടീലും കളപറിക്കലും വളമിടീലുമൊക്കെ ആഘോഷമാക്കി മഹത്തായ കാര്‍ഷിക സംസ്കാരത്തെ അടുത്തറിയുകയായിരുന്നു കുട്ടികള്‍. ഉമ ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് കുട്ടികള്‍ കൃഷിക്കായി തെരഞ്ഞെടുത്തത്. ജൈവകൃഷി രീതിയാണ് പൂര്‍ണമായും അവലംബിച്ചത്.
അധ്യാപകരായ ഷെല്‍ബി ഷാജി, എന്‍. ഹരികൃഷ്ണന്, മെര്ലിന് മോസസ്, അഖില്‍മോന്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിലെ കാര്‍ഷിക ക്ലബിലെ പ്രവര്‍ത്തകരാണ് വയലൊരുക്കി പരിചരിച്ചു വരുന്നത്. കൊയ്ത്ത് ആഘോഷപൂര്‍വം നടത്താനുള്ള ഒരുക്കത്തിലാണ് കുട്ടിക്കര്‍ഷകര്‍.
മിഷണറിമാര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകളെ മിഷന് ഫീല്‍ഡുകള്‍ എന്ന് രേഖപ്പെടുത്തിയത് മലയാളീകരിച്ചപ്പോഴാണ് വയല്‍ പ്രദേശമെന്നായി മാറിയത്. ചര്‍ച്ച് മിഷണറി സൊസൈറ്റിയുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷന് ഫീല്‍ഡായി (വയല്‍ പ്രദേശം) പ്രഖ്യാപിച്ചിരുന്ന സ്ഥലമാണിത്.
സ്കൂളും സമീപ പ്രദേശങ്ങളും എണ്ണൂറാംവയല്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയതും അങ്ങനെയാണ്. കാലം മാറിയെങ്കിലും എണ്ണൂറാംവയലില്‍ വയലില്ലെന്ന പോരായ്മ പരിഹരിക്കാന്‍ കഴിഞ്ഞ ആവേശത്തിലാണ് കുട്ടിക്കര്‍ഷകരും അധ്യാപകരും.