ശൗചാലയ മാലിന്യ സംസ്കരണത്തിനു പദ്ധതിയുമായി ശുചിത്വ മിഷൻ
1479378
Saturday, November 16, 2024 4:35 AM IST
പത്തനംതിട്ട: ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ്, എസ്ടിപി, വിൻഡോ കമ്പോസ്റ്റിംഗ് തുടങ്ങിയ കമ്യൂണിറ്റി തല മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നൽകി വിപുലമായ ആക്ഷൻ പ്ലാനുമായി ജില്ലാ ശുചിത്വ മിഷൻ. ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ്. ഹക്കിന്റെ നേതൃത്വത്തിലുളള സംഘം ഇതിനായി വിവിധ ഇടങ്ങളിൽ വിശദമായ സ്ഥല പരിശോധനാ നടപടികളിലേക്ക് കടന്നു.
ശുചിത്വ മിഷൻ വിഭാവനം ചെയ്യുന്ന കമ്യൂണിറ്റിതല മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് സീതത്തോട് ഗ്രാമപഞ്ചായത്തിലെ കൊച്ചാണ്ടി-നീലഗിരി മലയിൽ സ്ഥലം ഒരുങ്ങുകയാണ്. നിലവിൽ ഇവിടേക്കുള്ള ഗതാഗത സംവിധാനത്തിലെ പോരായ്മ വെല്ലുവിളിയായി തുടരുകയാണ്.
ഇതിനു പരിഹാരം കാണാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുളള പ്രവർത്തനങ്ങൾക്ക് മിഷൻ മുന്നിട്ടിറങ്ങുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ്. ഹക്ക് പറഞ്ഞു. ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായാൽ കൊച്ചാണ്ടി-നീലഗിരി മലയിൽ കമ്യൂണിറ്റിതല മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് വഴിതുറക്കും.
കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിനായി (എഫ്എസ്ടിപി) കൊടുമൺ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതതയിലുളള ചന്ദനപ്പള്ളി എസ്റ്റേറ്റിനാണ് ജില്ലാ ശുചിത്വ മിഷൻ പ്രഥമ പരിഗണന ൽകുന്നത്. ജില്ലാ ശുചിത്വ മിഷൻ സംഘം പദ്ധതിയുമായി ബന്ധപ്പെട്ട് ചന്ദനപ്പള്ളി എസ്റ്റേറ്റിലും സ്ഥല പരിശോധനകൾ നടത്തി. ഡിസംബറിൽ തന്നെ പദ്ധതി ഏറ്റെടുക്കാനാണ് തീരുമാനം.