ബിലീവേഴ്സ് ആശുപത്രി ആരോഗ്യമേഖലയിൽ മികച്ച സംഭാവനകൾ നൽകി: ഗവർണർ
1479381
Saturday, November 16, 2024 4:35 AM IST
തിരുവല്ല: ബിലീവേഴ്സ് മെഡിക്കൽ കോളജ് പിന്തുടരുന്ന രോഗീ കേന്ദ്രീകൃത ചികിത്സാ സംസ്കാരം അഭിനന്ദനാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആതുരശുശ്രൂഷയിലും മെഡിക്കൽ വിദ്യാഭ്യാസ, ഗവേഷണരംഗത്ത് ബിലീവേഴ്സ് ആശുപത്രി നൽകുന്ന സംഭാവനകളെ ഗവർണർ പ്രശംസിച്ചു. പ്രളയമടക്കമുള്ള പ്രകൃതിദുരന്ത കാലത്തും കോവിഡ് മഹാമാരി കാലത്തും വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനങ്ങളാണ് ബിലീവേഴ്സ് ആശുപത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ അടുത്ത പത്തു വർഷത്തേക്കുള്ള അഞ്ചിന പ്രവർത്തനപദ്ധതിയുടെ പ്രഖ്യാപനം ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.
മാത്യു ടി. തോമസ് എംഎൽഎ, പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറി റവ. ഡോ. ഡാനിയൽ ജോൺസൺ, കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി മാനേജറുമായ റവ. സിജോ പന്തപ്പള്ളിൽ, ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്,
പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു. പത്താം വാർഷികസൂചകമായി 10 കുട്ടികൾക്ക് ബോൺ മാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തുവാൻ 2.5 കോടി രൂപയുടെ ചികിത്സാസഹായം ഗവർണർ വിതരണം ചെയ്തു. 10 പേർക്ക് ഇലക്ട്രിക് വീൽ ചെയറുകളും ഗവർണർ വിതരണം ചെയ്തു.