നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം : സഹപാഠികളുടെ മൊഴിയെടുത്തു
1479950
Monday, November 18, 2024 4:48 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജ് നാലാം വര്‍ഷ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുചിറ ശിവം വീട്ടില്‍ അമ്മു എ. സജീവ് (22) ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ച സംഭവത്തില്‍ പോലീസ് സഹപാഠികളുടെ മൊഴിയെടുത്തു.
അമ്മുവിന്റെ രക്ഷിതാക്കളുടെ മൊഴി ഇന്നെടുക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നല്കി. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് അമ്മുവിനെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു.
കോളജിലെ സഹപാഠികളുടെ മാനസിക പീഡനമാണ് അമ്മുവിന്റെ മരണത്തിനു കാരണമെന്ന് പിതാവ് സജീവന് പറഞ്ഞു. പെണ്‍കുട്ടികള്‍ മാത്രമുള്ള ബാച്ചാണ് അമ്മുവിന്റേത്. മൈഗ്രേനും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്ന അമ്മു കോളജില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു. ഉറ്റസുഹൃത്തുക്കളായ മൂന്നു സഹപാഠികള്‍ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് അമ്മുവുമായി അകന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്ക് വിഭാഗത്തില്‍ പ്രാക്ടീസിനു പോയപ്പോഴാണ് തര്‍ക്കങ്ങളുണ്ടായത്. പിന്നീട് അവര്‍ അമ്മുവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സജീവന് പറഞ്ഞു. രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കതകില്‍ തട്ടി വിളിക്കും. സഹപാഠികളുടെ നോട്ട് ബുക്ക് കാണാതായപ്പോള്‍ അമ്മുവിന്റെ ബാഗില്‍ നിരന്തരം പരിശോധന നടത്തിയത് അവളെ തളര്‍ത്തിയതായി പിതാവ് പറഞ്ഞു.
ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോയി അമ്മുവിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. ശല്യം സഹിക്കാനാവാതെ രണ്ടാം നിലയില്‍നിന്ന് താഴെ നിലയിലെ മുറിയിലേക്ക് അമ്മു മാറി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍, അടുത്ത മാസം നടക്കേണ്ട ടൂറിന്റെ കോ-ഓര്‍ഡിനേറ്ററായി അമ്മുവിനെ സമ്മതമില്ലാതെ നിയമിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.
അമ്മുവിന്റെ സംസ്കാരം അയിരൂപ്പാറയിലെ വീട്ടുവളപ്പില്‍ ഇന്നലെ നടന്നു. സഹപാഠികളായ ഇരുപതോളം കുട്ടികള്‍ അമ്മുവിന്റെ വീട്ടിലേക്ക് പോയിരുന്നുവെങ്കിലും ഇവരെ ബന്ധുക്കള്‍ വീട്ടില്‍ പ്രവേശിപ്പിച്ചില്ല. പ്രിന്‍സിപ്പലും അധ്യാപകരും സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
അമ്മുവിനെ സഹപാഠികള്‍ ഉപദ്രവക്കുന്നതായി ചൂണ്ടിക്കാട്ടി പിതാവ് സജീവ് ഇ -മെയിലായി അയച്ച പരാതി കിട്ടിയിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാം പറഞ്ഞു. ഉപദ്രവിച്ചതായി പറയുന്ന സഹാപാഠികള്‍ക്ക് മെമ്മോ നല്കി. അന്വേഷണത്തിനു സമിതിയെ നിയോഗിക്കുകയും ചെയ്തതാണ്. സജീവന്റെ മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു.