പോക്സോ കേസ് പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും
1479382
Saturday, November 16, 2024 4:35 AM IST
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾക്ക് 12 വർഷം കഠിനതടവും 2,10,000 രൂപ പിഴയും.
കോന്നി പയ്യനാമൺ തേക്കുമല പുത്തൻ വീട്ടിൽ രാജേഷിനെയാണ് (35) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്ൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും രണ്ടാഴ്ചയും അധികകഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.
2015 ഓഗസ്റ്റിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറിയ ഇയാൾ കിടപ്പുമുറിയിൽ വച്ച് ബലാൽസംഗം ചെയ്തു ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പലദിവസങ്ങളിലും പീഡനത്തിനു വിധേയയാക്കിയെന്നാണ്കേസ്. ദൃശ്യങ്ങൾ പിന്നീട് സുഹൃത്തുക്കൾക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു.
2017 ലാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. തുടർന്ന്, കോന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പബ്ലിക് പ്രോസിക്യൂട്ടർ ജെയ്സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.