കെഎസ്ആർടിസി ജംഗ്ഷനിൽ റോഡ് ഉയർത്തി; അപകടസാധ്യതയേറി
1479729
Sunday, November 17, 2024 4:43 AM IST
പത്തനംതിട്ട: അപകടങ്ങൾ കുറയ്ക്കാനായി കെഎസ്ആര്‍ടിസി ജംഗ്ഷനിലെ റോഡ് ഉയര്‍ത്തിയത് അശാസ്ത്രീയമെന്ന് ആക്ഷേപം. റോഡ് മെറ്റിലിട്ട് മൂന്നടിയോളം ഉയര്‍ത്തി ടാര്‍ ചെയ്തപ്പോള്‍ സൈഡില്‍ മൂന്നടി താഴ്ച രൂപപ്പെട്ടതാണ് വീണ്ടും അപകടക്കെണിയായിരിക്കുന്നത്.
റോഡ് ഉയര്‍ത്തിയപ്പോള്‍ വശങ്ങള്‍കൂടി ചേര്ത്തിരുന്നെങ്കില് ഇത് ഒഴിവാക്കാമായിരുന്നു.
സ്കൂട്ടര്‍ യാത്രക്കാരും കാൽനട ക്കാരും അറിയാതെ ഈ കുഴിയിൽ വീണ് അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. കെഎസ്ആർടിസി ജംഗ്ഷനിലെ ഓട്ടോറിക്ഷകളുടെയും സ്വകാര്യ ബസുകളുടെയും പാർക്കിംഗ് സ്ഥലവും റോഡ് ടാറിംഗോടെ അപഹരിച്ചു.
വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ റോഡിലേക്ക് കയറിയാണ് ഓട്ടോറിക്ഷകൾ ഇട്ടിരിക്കുന്നത്. ഇതും അപകടത്തിന് കാരണമാകാം.
റോഡ് റീ ടാറിംഗിനൊപ്പം വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ നേരത്തെയുള്ള കരാർ പ്രകാരമുള്ള ജോലി ശബരിമല മണ്ഡലകാലത്തിനു മുനപ് പത്തനംതിട്ടയിൽ പൂർത്തീകരിക്കുകയായിരുന്നുവെന്ന് പറയുന്നു.
ടാറിംഗ് പൂർത്തിയായ റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്ത് അപകടസാധ്യത ഒഴിവാക്കണമെന്നാണ് വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.