യതി ജന്മശതാബ്ദി സാഹിത്യോത്സവം 20 മുതല്‍ 23 വരെ
1479946
Monday, November 18, 2024 4:48 AM IST
പത്തനംതിട്ട: ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും.
20 മുതല്‍ 23 വരെ യതിയുടെ ജന്മസ്ഥലമായ പത്തനംതിട്ടയിലാണ് പരിപാടികള്‍. 20ന് വൈകുന്നേരം നാലിന് കോന്നി മുറിഞ്ഞകല്ലില്‍ യതി സ്ഥാപിച്ച വിദ്യാനികേതന്‍ ആശ്രമത്തിലാണ് ശതാബ്ദിക്ക് തുടക്കം കുറിക്കുന്നത്. ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത യതി സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യും.
യതിയുടെ ശിഷ്യന് പ്രമുഖ ചിത്രകാരന് പ്രമോദ് കുരമ്പാല വരച്ച നിത്യചൈതന്യ യതിയുടെ ഛായാചിത്രം സ്വാമി ത്യാഗീശ്വരനില്നിന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഏറ്റുവാങ്ങും. ഛായാചിത്രം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജന്മശതാബ്ദി സാഹിത്യോത്സവം നടക്കുന്ന പത്തനംതിട്ട ടൗണ്‍ ഹാളില്‍ സ്ഥാപിക്കും.
ജന്മശതാബ്ദി സാഹിത്യോത്സവം 21ന് വൈകുന്നേരം നാലിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ 10ന് പുസ്തകോത്സവം മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനും അനുമോദന സമ്മേളനം ആന്റോ ആന്റണി എംപിയും കവിയരങ്ങ് മുന്‍ മന്ത്രി പന്തളം സുധാകരനും ഉദ്ഘാടനം ചെയ്യും.
21 മുതല്‍ 23 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പുസ്തകോത്സവം, സാഹിത്യോത്സവം, സെമിനാര്‍, പുസ്തക ചര്‍ച്ച, ചിത്രരചനാ ക്യാമ്പ്, കവിയരങ്ങ് എന്നിവ നടക്കും. വിവിധ സെഷനുകളില്‍ എ.വി. ഷൗക്കത്ത്, ഫാ. ഡോ. കെ.എം.ജോര്‍ജ്, രാജീവ് ശിവശങ്കര്‍, ചലച്ചിത്ര സംവിധായകന് ഡോ. ബിജു, ഡോ. വി. സുജാത, ആര്‍ടിസ്റ്റ് ബി.ഡി. ദത്തന്, ഡോ. ജോബിന് ചാമക്കാല, റവ. ഡോ. മാത്യു ദാനിയേല്‍, ഡോ. പഴകുളം സുഭാഷ്, രവിവര്‍മ തമ്പുരാന്, ഡോ. നിബുലാല്‍ വെട്ടൂര്‍, ഡോ. മണക്കാല ഗോപാലകൃഷ്ണന്, ഡോ. റോയ്സ് മല്ലശേരി തുടങ്ങിയവര്‍ പങ്കെടുക്കും.
ടൗണ്‍ ഹാളില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ നിത്യ ചൈതന്യ യതി എഴുതിയ പുസ്തകങ്ങളുടെയും യതിയെക്കുറിച്ച് രചിക്കപ്പെട്ട പുസ്തകങ്ങളുടെയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പ്രസിദ്ധീകരണങ്ങളുടെയും ജില്ലയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും.