മോക്ഡ്രില്ലിന് വേദിയായി ബിലീവേഴ്സ് മെഡിക്കല്‍ കോളജ്
1479951
Monday, November 18, 2024 4:56 AM IST
തിരുവല്ല: ദുരന്ത നിവാരണ പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ സമാപനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ മോക്ഡ്രില്ലിന് ബിലീവേഴ്സ് മെഡിക്കല്‍ കോളജ് വേദിയൊരുക്കി.
പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നിര്‍ദേശപ്രകാരം തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂറിന്റെയും തഹസില്‍ദാര്‍ സിനി മാത്യുവിന്റെയും സാന്നിധ്യത്തില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, കേരള പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
ജോണ്‍സ് ഹോപ്പ്ക്കിന്സ് സര്‍വകലാശാല, വെയ്ന്‍ സര്‍വകലാശാല, ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാല തുടങ്ങിയ വിദേശ സര്‍വകലാശാലകളുടെയും വെല്ലൂര്‍ സിഎംസി, ബംഗളൂരു നിംഹാന്‍സ് തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നുവന്നിരുന്ന രാജ്യാന്തര കോണ്‍ഫറന്‍സും സമാപിച്ചു.
ഒരു കെട്ടിടം തകര്‍ന്നുവീണതായും പുക ഉയരുന്നതായും വിഷവാതകമാണോ എന്ന സംശയത്തെത്തുടര്‍ന്ന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതുമായ സാഹചര്യമാണ് മോക്ക് ഡ്രില്ലിലൂടെ പ്രദര്‍ശിപ്പിച്ചത്.
അപകടവിവരം അറിയിക്കപ്പെട്ടതിനെത്തുടര്ന്ന് അതിവേഗം എത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യു സംഘം കെട്ടിടത്തിനുള്ളില്‍ വിഷവാതകമാണോ എന്ന് സംശയിച്ച് വിദഗ്ധ സംഘം എത്തി സുരക്ഷ വിലയിരുത്തിയാണ് പരിക്കേറ്റവരെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് മാറ്റിയത്. അതേസമയം നിര്‍ദിഷ്ട കോഡ് പ്രഖ്യാപനം നടത്തി ബിലീവേഴ്സ് ആശുപത്രിയുടെ മെഡിക്കല്‍ സംഘം സജ്ജരായി. ആശുപത്രിയുടെ ദുരന്ത പ്രതിരോധ സാഹചര്യങ്ങളുടെ വിലയിരുത്തലുകളും മോക് ഡ്രില്ലിനിടയില്‍ നടന്നു.
ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്. ശങ്കരപാണ്ഡ്യന്‍ നയിച്ച എന്‍ഡിആര്‍എഫ് സംഘം, അസി. സ്റ്റേഷന് മാസ്റ്റര്‍ കെ.എസ്. അജിത് നയിച്ച ഫയര്‍ ആന്‍ഡ് റസ്ക്യു സംഘം, തിരുവല്ല സബ് ഇന്‍സ്പെക്ടര്‍ ജി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് മോക് ഡ്രില്ലില്‍ പങ്കെടുത്തത്.
ഡോ. ജിജു ജോസഫ്, ഡോ. ഷമ്മി ഡഗ്ലസ് എന്നിവര്‍ ദുരന്ത പ്രതികരണ നടപടികള്‍ ക്രമീകരിച്ചു.