ഉറക്കം നിരീക്ഷിച്ച് ചികിത്സ നിർണയിക്കാൻ ആധുനിക ഉപകരണങ്ങളുമായി മുത്തൂറ്റ് ആശുപത്രി
1479383
Saturday, November 16, 2024 4:35 AM IST
പത്തനംതിട്ട: ഉറക്കം നിരീക്ഷിച്ച് ശാരീരിക പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സ നിർണയിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളുമായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി. ആശുപത്രിയിലെ ന്യൂറോളജി, പൾമനോളജി വിഭാഗങ്ങളുടെ ചുമതലയിൽ ഇതിനാവശ്യമായ ചികിത്സാ ക്രമീകരണങ്ങൾ നടത്തിവരുന്നു.
ഉറക്കത്തിലേക്കു നീങ്ങുന്ന ഒരാളെ എട്ടു മണിക്കൂർ സ്ലീപ് ബെഡിലാക്കി തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും നിരീക്ഷണം നടത്തുന്ന ചികിത്സാ രീതിയാണിത്. ആശുപത്രിയിൽ ഇതിനാവശ്യമായ സംവിധാനങ്ങളൊരുക്കി നിരീക്ഷണം നടത്തുന്നതിനൊപ്പം ആവശ്യമെങ്കിൽ വീടുകളിലെത്തിയും നിരീക്ഷണം നടത്താനാകും.
ഉറക്കത്തിലെ പല പ്രശ്നങ്ങളും ശ്വാസകോശ സംബന്ധവും ഹൃദയ സംബന്ധവുമായ നിരവധി രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളാകുമെന്ന് ഡോ. വി.കെ. സഞ്ജീവ്, ഡോ.അരുൺ വി. ജോയ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതോടനുബന്ധിച്ച് ന്യൂറോസോമാനിയ എന്ന പേരിൽ ആരോഗ്യ ശില്പശാല നാളെ മുത്തൂറ്റ് ആശുപത്രിയിൽ സംഘടിപ്പിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ശില്പശാലയിൽ കേരളത്തിനകത്തും പുറത്തുംനിന്നുമായി ഈ മേഖലയിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കും.