പത്തനംതിട്ടയില്‍ ഇടത്താവളം തുറന്നു
1479716
Sunday, November 17, 2024 4:30 AM IST
പത്തനംതിട്ട: മെച്ചപ്പെട്ട സൗകര്യങ്ങളോടെ പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി നഗരസഭ ഇടത്താവളം തുറന്നു. നഗരസഭാ ചെയര്മാന് ടി സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗജന്യ വൈഫൈ, പ്രത്യേക പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍, വിപുലമായ ഭക്ഷണശാല, ആയുര്‍വേദ പരിചരണൗകര്യങ്ങള് തുടങ്ങി മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച സൗകര്യങ്ങളോടെയാണ് ഇക്കുറി ഇടത്താവളം ഒരുക്കിയിരിക്കുന്നത്. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തില്‍ ഭരണസമിതി മുന്നോട്ടു പോവുകയാണെന്ന് ചെയര്മാന് പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഷൈലജ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എസ്.നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഭക്തര്‍ക്ക് സന്നിധാനത്തെ ബുക്കിംഗ് വിവരങ്ങള്‍ അറിയാനും സൗകര്യമുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇത്തവണ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ജീവനക്കാര്‍ക്കും തീര്‍ഥാടകര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ സൗജന്യ വൈഫൈ കണക്ഷന് നല്കി. വാഹന പാര്‍ക്കിംഗിന് പ്രത്യേക ക്രമീകരണമുണ്ട്. ആദ്യം വന്ന വാഹനങ്ങള്‍ക്ക് ആദ്യം പോകാവുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. അന്നദാന കൗണ്ടറും പോലീസ് എയ്ഡ് പോസ്റ്റും ഇടത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.