രണ്ടുദിവസം; എത്തിയത് ഒരുലക്ഷത്തോളം തീർഥാടകർ
1479710
Sunday, November 17, 2024 4:30 AM IST
ദർശനം വെർച്വൽ ക്യൂ ബുക്കിംഗിലൂടെ, തിരക്ക് നിയന്ത്രണവിധേയം
ശബരിമല: ശബരിമല നട തുറന്ന് രണ്ടു ദിവസത്തിനുള്ളിൽ ഒരുലക്ഷത്തോളം തീർഥാടകർ ദർശനത്തിനെത്തി. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ഇന്നലെ വൈകുന്നേരം അഞ്ചുവരെ ദർശനത്തിനെത്തിയവർ 83,429 പേരാണെന്ന് പോലീസ് അറിയിച്ചു. ഇതിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തും തത്സമയം ബുക്ക് ചെയ്തും നേരത്തേബുക്ക് ചെയ്ത ദിവസത്തിൽ അല്ലാതെയും എത്തി ദർശനം നടത്തിയവരുമുണ്ട്.
ഇന്നലെ പുലർച്ചെ മുതൽ വൈകുന്നേരം വരെ 54,615 പേരാണ് ദർശനത്തിനായി മല ചവിട്ടിയത്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038 ആണ്. തത്സമയ ബുക്കിംഗിലൂടെ ഇന്നലെ 4,535 പേരാണ് വൈകുന്നേരം വരെ എത്തിയത്. 11,042 പേർ ബുക്ക് ചെയ്ത ദിവസത്തിലല്ലാതെയെത്തിയിരുന്നു. മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ദർശനം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
വെർച്വൽ ബുക്കിംഗ് ദർശനം സുഗമമാക്കും: മന്ത്രി വി.എൻ.വാസവൻ
വെർച്വൽ ക്യൂ സംവിധാനംവഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്.
ഇതിൽ 26,942 പേർ ദർശനം നടത്തി. തൽസമയ ബുക്കിംഗിലൂടെ 1,872 ഭക്തരും എത്തി. വിഐപികൾ ഉൾപ്പെടെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകുന്നേരം നടതുറന്ന ശേഷം നട അടയ്ക്കുന്നതുവരെ ദർശനത്തിനെത്തിയതെന്ന് മന്ത്രി പറഞ്ഞു.
സുഗമമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേർക്കാണ് വെർച്വൽ ക്യൂ വഴി ഒരു ദിവസം ദർശനം അനുവദിക്കുന്നത്. വെർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായതായും മന്ത്രി പറഞ്ഞു. ഇത് വലിയ നടപ്പന്തലിൽ ഭക്തർ ക്യൂ നിൽക്കേണ്ട സാഹചര്യം കുറച്ചു.
എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം കമ്മീഷണർ വി.പ്രകാശ്, ശബരിമല എഡിഎം അരുൺ എസ്.നായർ, എഡിജിപി എസ്. ്രീജിത്ത് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കരുതൽ ശേഖരമായി അപ്പവും അരവണയും
പുതിയ പശ്ചാത്തലത്തിലുള്ള തീർഥാടനകാലത്തെ ആദ്യദിനത്തെ അയ്യപ്പഭക്തർ സന്തോഷത്തോടെയാണ് വരവേറ്റത്. അപ്പം, അരവണ പ്രസാദ വിതരണത്തിൽ ഇത്തവണ ഒരു തടസവുമുണ്ടാകില്ലെന്ന് ദേവസ്വംബോർഡ് ഉറപ്പു നൽകി.
40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായുണ്ട്. യാത്രാ സൗകര്യത്തിന് കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ കഴിയുന്നത്ര പാർക്കിംഗ് സൗകര്യം ഒരുക്കും. വെള്ളിയാഴ്ചയെത്തിയ മുഴുവൻ ചെറു വാഹനങ്ങളും പമ്പയിലാണ് പാർക്ക് ചെയ്തത്.
നിലയ്ക്കലിലും പന്പയിലും ജർമൻ പന്തൽ
ഭക്തർക്ക് വിശ്രമിക്കാനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കലിൽ രണ്ടായിരം പേർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്.
പമ്പയിലെ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ ഒരേ സമയം 3000 പേർക്ക് വിശ്രമിക്കാം. സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദർശനത്തിനായി ക്യൂ നിൽക്കുന്നവർക് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവ നൽകും. കാനനപാതവഴി വരുന്നവർക്ക് വിശ്രമിക്കാനായി 132 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിലും കുടിവെള്ളവും ലഘുഭക്ഷണവും നൽകും.
സന്നദ്ധസേവനത്തിന് ഡോക്ടർമാർ
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 125 ഡോക്ടർമാരുടെ സന്നദ്ധസംഘം സന്നിധാനത്തെ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സൗജന്യ സേവനം വാഗ്ദാനം ചെയ്ത ഇതര സംസ്ഥാനക്കാരായ ഡോക്ടർമാരെ വിവിധ ഘട്ടങ്ങളിലായാണ് ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പാണ് ഇവരുടെ ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്.
ഡിവോട്ടീസ് ഡോക്ടേഴ്സ് ഓഫ് ശബരിമല എന്ന പേരിൽ കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള അയ്യപ്പ ഭക്തരായ ഡോക്ടർമാരാണ് സേവന സന്നദ്ധരായി എത്തിയത്. വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് ഇവർ ഒരുമിച്ചത്. പ്രമുഖ ന്യൂറോ സർജൻ ഡോ. ആർ. രാമനാരായണനാണ് ഈ കൂട്ടായ്മയുടെ അമരക്കാരൻ. മകരവിളക്കുവരെ ബാച്ചുകളായിട്ടായിരിക്കും ഡോക്ടർമാരുടെ പ്രവർത്തനമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ആർ. രാമനാരായണൻ പറഞ്ഞു.
കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരാണ് സംഘത്തിലുള്ളത്. നിലവിലുള്ള ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഏതു അടിയന്തിര ഘട്ടത്തിലും ചികിത്സ ഉറപ്പാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സഹിതമാണ് ഇവർ എത്തിയിട്ടുള്ളത്. സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് സന്നിധാനത്തെ ആരോഗ്യവകുപ്പിന്റെ ആശുപത്രിയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ തുടക്കംകുറിച്ചു.
ഫോട്ടോ : ശബരിമലയിൽ സേവന സന്നദ്ധരായി എത്തിയ ഇതര സംസ്ഥാനത്തുനിന്നുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് ഡോ.ആർ. രാമനാരായണൻ മന്ത്രി വി.എൻ. വാസവന്റെ രക്തസമ്മർദം പരിശോധിക്കുന്നു.