മാലിന്യ സംസ്കരണ നടപടികളിൽ മെല്ലപ്പോക്ക്
1479723
Sunday, November 17, 2024 4:42 AM IST
പ്രതിഷേധവുമായി ജീവനക്കാർ
പത്തനംതിട്ട: ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധികളിൽ ഹോട്ടൽ മാലിന്യങ്ങളോ, ശുചിമുറി മാലിന്യങ്ങളോ ശേഖരിച്ച് സംസ്കരിക്കാൻ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ ഏർപ്പെടുത്താത്തതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം.
കാലാകാലങ്ങളിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാർഅനുവദിച്ചു നൽകുന്ന ഫണ്ടുകൾ ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നഷ്ടമാക്കി കളയുന്ന രീതിയാണുള്ളത്.
കഴിഞ്ഞ ജനുവരിയിൽ തൊഴിലാളികൾ പത്തനംതിട്ട സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ സമരത്തെത്തുടർന്ന് ഉപയോഗശൂന്യമായ മൂന്ന് പാറമടകൾ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ പര്യാപ്തമാണെന്നു കണ്ടെത്തിയതായും അവിടെ പ്ലാന്റുകൾ സ്ഥാപിച്ച് മാലിന്യസംസ്കരണത്തിന് അടിയന്തര ക്രമീകരണം ഏർപ്പെടുത്തുന്നതാണെന്നുമുള്ള ജില്ലാകളക്ടറുടെ ഉറപ്പ് പാലിക്കാൻ നാളിതുവരെ യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല.
സ്വകാര്യ സീവേജ് ടാങ്കർ ലോറികൾ യഥാസമയം മാലിന്യം ശേഖരിച്ച് നീക്കം ചെയ്തുവരുന്നതു മൂലമാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓടകളിലേക്കും പൊതുവഴികളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും എത്താതിരിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കാതെ ജില്ലയിൽ സാമൂഹിക ശുചിത്വവും ആരോഗ്യ പരിപാലനവും സാധ്യമായിവരുന്നതും ഈ രംഗത്തുള്ളവരുടെ അധ്വാനം കൊണ്ടാണെന്ന് മാലിന്യനിർമാർജന തൊഴിലാളികളുടെ യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മാലിന്യ നിർമാർജന മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ
പത്തനംതിട്ട: ജില്ലയിൽ ഖര, ദ്രവ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്ന തൊഴിലാളികളും ടാങ്കർ ഉടമകളും പണിമുടക്കിൽ. ഓട്ടത്തിനിടെ മാലിന്യശേഖരണ ടാങ്കറുകൾ പിടിച്ചെടുക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പോലീസ് നടപടികൾക്കെതിരേയാണ് പ്രതിഷേധം.
ജില്ലാ കളക്ടർ, പോലീസ് മേധാവി, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ തുടങ്ങിയവർക്ക് തങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകിയെങ്കിലും ഒരു ചർച്ച പോലും നടക്കാത്ത സാഹചര്യത്തിലാണ് ജില്ല ഒട്ടാകെ സമരം ആരംഭിച്ചതെന്ന് ഖര, ദ്രവ മാലിന്യ നിർജ്ജന തൊഴിലാളി അസോസിയേഷൻ( ഐഎൻടിയുസി) ജനറൽ സെക്രട്ടറി സുനിൽ കുമാർ അറിയിച്ചു.
25ന് ടാങ്കർ ലോറികൾ നിരത്തിയിട്ട് സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മയാലപ്പുഴ സമരം ഉദ്ഘാടനം ചെയ്യും.
സ്വതന്ത്രമായി തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിച്ചും തൊഴിലാളികൾളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും ബോധവത്കരണത്തിനും സുരക്ഷയ്ക്കും കാലാകാലങ്ങളിൽ സർക്കാരുകൾ അനുവദിക്കുന്ന ഫണ്ടുകൾ വിനിയോഗിക്കാൻ യാതൊരു പദ്ധതികളും ആവിഷ്കരിക്കുന്നില്ല.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ മറയാക്കി ഉദ്യോഗസ്ഥർ പീഡനം നടത്തുന്നയായി യൂണിയൻ ആരോപിക്കുന്നു.