ദ്രവമാലിന്യ സംസ്കരണ പദ്ധതികള്‍ ഏറ്റെടുത്ത് ശുചിത്വ മിഷന്
1479948
Monday, November 18, 2024 4:48 AM IST
പദ്ധതികള്‍ വേഗത്തിലാക്കും
പത്തനംതിട്ട: ദ്രവമാലിന്യ സംസ്കരണത്തിന് പത്തനംതിട്ട ജില്ലയില്‍ എഫ്എസ്ടിപി പ്ലാന്റ് സ്ഥാപിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്. ഖര, ദ്രവ്യ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നടപടികളില്ലാത്തതിന്റെ പേരില്‍ ഈ മേഖലയിലെ തൊഴിലാളികളും ലോറിഡ്രൈവര്‍മാരും സമരം പ്രഖ്യാപിച്ചിരിക്കുന്നതും ശുചിത്വ മിഷന് ഗൗരവത്തിലെടുത്തിരിക്കുകയാണ്.
ജില്ലയിലെ ജലസ്രോതസുകളിലും ചില പ്രദേശങ്ങളിലെ കിണറുകളിലും അമിതമായ രീതിയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള ദ്രവമാലിന്യങ്ങളുടെ സംസ്കരണത്തിന് പുത്തന്‍ ശാസ്ത്രീയ വഴി നടപ്പിലാക്കണമെന്ന നിര്‍ദേശമാണ് ശുചിത്വ മിഷന് നല്‍കിയിരിക്കുന്നത്.
കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ്, എസ്ടിപി, വിന്‍ഡോ കമ്പോസ്റ്റിംഗ് തുടങ്ങി, കമ്യൂണിറ്റി തല മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നല്‍കിയാണ് ജില്ലാ ശുചിത്വ മിഷന് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതെന്ന് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക് പറഞ്ഞു.
കക്കൂസ് മാലിന്യസംസ്കരണ പ്ലാന്റിനായി (ഫേക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്) കൊടുമണ്ണില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ ഉടമസ്ഥതതയിലുളള ചന്ദനപ്പള്ളി എസ്റ്റേറ്റിനാണ് ജില്ലാ ശുചിത്വ മിഷന് പ്രഥമ പരിഗണന നല്‍കുന്നത്.
ജില്ലാ ശുചിത്വ മിഷന് സംഘം പദ്ധതിയുമായി ബന്ധപ്പെട്ട് ചന്ദനപ്പള്ളി എസ്റ്റേറ്റിലും സ്ഥല പരിശോധനകള്‍ നടത്തി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി എഫ്എസ്ടിപി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത് കാസര്‍ഗോഡ് ജില്ലയിലാണ്. ശുചിത്വ മിഷന് വിഭാവനം ചെയ്യുന്ന കമ്യൂണിറ്റിതല മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ക്ക് സീതത്തോട് ഗ്രാമപഞ്ചായത്തിലെ കൊച്ചാണ്ടി - നീലഗിരി മലയില്‍ സ്ഥലം ഒരുങ്ങുകയാണ്.
സ്ഥലത്ത് എത്തപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് മിഷന് മുന്നിട്ടിറങ്ങുമെന്ന് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ നിഫി പറഞ്ഞു. ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ കൊച്ചാണ്ടി- നീലഗിരി മലയില്‍ കമ്യൂണിറ്റിതല മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ക്ക് വഴിതുറക്കും. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഡിസംബറില്‍തന്നെ പദ്ധതി ഏറ്റെടുക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങാനാകും.
എഫ്എസ്ടിപിക്ക് ദേവനഹള്ളി എന്ന മാതൃക
വ്യക്തമായ ശാസ്ത്രീയ വഴികളിലൂടെയായിരിക്കും എഫ്എസ്ടിപി പ്രവര്‍ത്തിക്കുക. പ്രദേശത്ത് ഒരുതരത്തിലും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലൂടെ ബുദ്ധിമുട്ടുണ്ടാവില്ല. കര്‍ണാടകയിലെ ദേവനഹള്ളി നഗരസഭ നഗരത്തിന് ഒത്ത നടുവില്‍ 30 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിന് സ്വന്തമായുള്ള വാഹനം മുഖേനയാണ് മാലിന്യം സംസ്കരിക്കുന്നത്.
ഇതു ശാസ്ത്രീയമായി സംസ്കരിച്ച് അന്തിമ ഉത്പന്നമായി ലഭിക്കുന്ന വളം കര്‍ഷകര്‍ക്ക് നല്കുന്നു. ആദ്യഘട്ടത്തില്‍ കിലോഗ്രാമിന് 2.50 രൂപയ്ക്ക് വിറ്റിരുന്ന വളം നിലവില്‍ ഒമ്പതു രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കണ്‍സോര്‍ഷ്യം ഫോര്‍ ഡിവാട്ട്സ് ഡിസിമിനേഷന്‍ ഏജന്‍സിയാണ് ഇവിടെ പ്ലാന്റ് നിര്‍മിച്ചത്.
പ്ലാന്റിന് ചുറ്റും ഫലവൃക്ഷങ്ങളും ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്ലാന്റില്‍നിന്ന് സംസ്കരിച്ചുകിട്ടുന്ന വളമാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്.