കോമളം, ഉപദേശിക്കടവ് പാലങ്ങളുടെ നിർമാണത്തിൽ വേഗം പോരാ
1479380
Saturday, November 16, 2024 4:35 AM IST
നിർമാണ പുരോഗതി വിലയിരുത്തി എംഎൽഎയും സംഘവും
തിരുവല്ല: കോമളം, ഉപദേശിക്കടവ് പാലങ്ങളുടെ നിർമാണ പുരോഗതി മാത്യു ടി. തോമസ് എംഎൽ എയുടെ നേതൃത്വത്തിൽ വിലയിരുത്തി. കോമളം പാലം നിർമാണം തുടങ്ങിയ ഘട്ടത്തിലെ വേഗം ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും ഉപദേശിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പരുമല പെരുന്നാളിനു മുന്പായി പൂർത്തിയാക്കുമെന്നുമുള്ള ഉറപ്പ് പാലിക്കാത്തതിലും ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
പൊതുമരാമത്ത് (പാലങ്ങൾ), വൈദ്യുതി, ജലഅഥോറിറ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കരാറുകാർ എന്നിവർ അടങ്ങുന്ന സംഘം സ്ഥലങ്ങൾ സന്ദർശിച്ചു പണികൾ വിലയിരുത്തി.
കോമളത്ത് മണിമലയാറ്റിലെ ഒഴുക്ക് തടസമെന്ന്
2021 ൽ ഉണ്ടായ പ്രളയത്തിൽ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകരുകയും തുടർന്ന് ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പാലം പുതുക്കി പണിയണമെന്ന് നിർദേശിക്കുകയുമായിരുന്നു. 2022-23 ലെ സംസ്ഥാന ബജറ്റിൽ 12 കോടി രൂപ അനുവദിച്ച് പാലത്തിന്റെ നിർമാണം ഇപ്പോൾ പുരോഗതിയിലാണെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമാണം നടത്തി വരുന്നത്. മണിമലയാറ്റിൽ പാലം നിർമിക്കുന്ന സ്ഥലത്ത് മഴയേത്തുടർന്ന് അതിശക്തമായ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. നദിയുടെ മധ്യഭാഗത്തു നിർമാണം തടസപ്പെട്ടതു കാരണമാണ് പണികളുടെ വേഗം കുറഞ്ഞതെന്നും അനുകൂലമായ കാലവസ്ഥയാണെങ്കിൽ 2025 മേയിൽ നിർമാണം പൂർത്തീകരിക്കാനാകുമെന്നും കരാറുകാരൻ ഉറപ്പ് നൽകി.
ഉപദേശിക്കടവിലും കാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ
ഉപദേശിക്കടവ് പാലം പണിയുന്നതിന് 2019 -20 വർഷത്തെ ബജറ്റിൽ 20 ശതമാനം തുക വകയിരുത്തി 23.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ രൂപ കല്പനയിൽ മാറ്റം വരുത്തേണ്ടി വന്നതും സ്ഥലത്തെ മണ്ണിന്റെ ഘടനയിലുള്ള പ്രത്യേകതകളും കാരണമാണ് നിർമാണം തടസപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് ഉണ്ടായില്ല.
കഴിഞ്ഞ പരുമല പെരുന്നാളിനു മുന്പായി പാലം തുറക്കാൻ നിർദേശിച്ചിരുന്നതാണ്. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അജിത്ത് കുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഷീജ തോമസ്, അസിസ്റ്റന്റ് എൻജിനിയർ ആർ. സ്മിത, കെഎസ്ഇ ബി എക്സിക്യുട്ടീവ് എൻജിനിയർ രാജേഷ്കുമാർ പിള്ള,
ജലഅഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അനിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, അലക്സ് കണ്ണമല, ബിനു വർഗീസ് തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.