ശബരിമല ഡ്യൂട്ടിയിൽ പോലീസുകാർക്ക് മാർഗനിർദ്ദേശം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
1479394
Saturday, November 16, 2024 4:43 AM IST
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. പതിനെട്ടാം പടി കയറുമ്പോൾ പോലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്. റാന്നി ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവി മുഖാന്തിരം സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരനു പരാതിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും പറയുന്നു.
അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ ഒരു കൈ സഹായിക്കാനും തിരക്കു നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നു കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന്റെ കരണത്തടിച്ചത് ക്യത്യവിലോപമാണെന്ന് ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.