വില്ലേജ് ഓഫീസുകളെ അഴിമതികേന്ദ്രങ്ങളായി ചിത്രീകരിക്കുന്നതിനെതിരേ എൻജിഒ അസോ.
1461347
Wednesday, October 16, 2024 3:17 AM IST
പത്തനംതിട്ട: വില്ലേജ് ഓഫീസുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാതെ വിജിലൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ അഴിമതിക്കാരായി ചിത്രീകരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി.
ഫീൽഡ് പരിശോധന നടത്തി അനുവദിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കായും റിപ്പോർട്ടുകൾക്കായും നിരവധി അപേക്ഷകളാണ് ദിവസേന വില്ലേജ് ഓഫീസുകളിൽ ലഭിക്കുന്നത്. മിക്ക വില്ലേജ് ഓഫീസുകളിലും നാലിൽ താഴെ മാത്രമാണ് ജീവനക്കാർ നിലവിൽ ഉള്ളത്.
നിരവധി റിപ്പോർട്ടുകൾ വില്ലേ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കണമെന്നും ഫീൽഡിൽ പോകുന്നതിന് വാഹനം അനുവദിക്കണമെന്നും അടക്കം സർക്കാരിന് നിരവധി ശിപാർശകൾ നൽകിയെങ്കിലും അതൊന്നും പരിഗണിക്കാതെ ജീവനക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് ഉണ്ടായതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ഉച്ചയ്ക്ക് പത്തനംതിട്ട കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്താനും കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. എസ്. വിനോദ് കുമാർ, എം. വി. തുളസീരാധ ,
ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി. ജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ബിജു ശാമുവേൽ, ജില്ലാ ഭാരവാഹികളായ അബു കോശി, വിനോദ് മിത്രപുരം, പിക്കു വി. സൈമൺ, അനു കെ. അനിൽകുമാർ, നൗഫൽ ഖാൻ, സുനിൽ വി. കൃഷ്ണൻ, ജെ.ജെ. ജിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.