ആഞ്ഞിലിത്താനത്ത് കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാ ഭീഷണി
1461064
Tuesday, October 15, 2024 12:08 AM IST
മല്ലപ്പള്ളി: ആഞ്ഞിലിത്താനത്ത് കടയ്ക്കുള്ളിൽ വ്യപാരിയുടെ ആത്മഹത്യാ ഭീഷണി. ചിറയിൽകുളം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറികട നടത്തുന്ന മല്ലശേരി ഉത്തമനാണ് (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് കട അടച്ച് ആത്മഹത്യാ ഭിഷണി നടത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് കടതുറന്ന് ഉത്തമൻ പുറത്തിറങ്ങിയത്.
ഇന്നലെ രാവിലെ ആറോടെയാണ് ഉത്തമൻ കടയ്ക്കുള്ളിൽ കയറി അകത്തുനിന്ന് പുട്ടിയത്. കീഴ്വായ്പൂര് പോലീസ് സിഐ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പോലീസും തിരുവല്ല ഫയർ സ്റ്റേഷൻ ആഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. മധുസൂദനൻ നായരും പോലിസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ബന്ധുക്കളും സുഹൃത്തുകളും ചേർന്ന് നടത്തിയ അനുനയ ശ്രമത്തിൽ 9.20 ന് ഉത്തമൻ കട തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
കട ഉടമയുമായുള്ള പ്രശ്നമാണ് ഉത്തമന്റെ ആത്മഹത്യാ ഭിഷണിക്ക് കാരണമെന്നറിയുന്നു.
ഉത്തമന്റെ സഹോദരൻ മണിയുടെ മകൻ ജ്യോതിയാണ് കടയുടമ. കഴിഞ്ഞ ദിവസം ജ്യോതിയും ഉത്തമനുമായി തർക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഫയർഫോഴ്സ് സംഘം ഷട്ടർ പൊളിച്ച് ഉത്തമനെ പുറത്ത് എത്തിക്കാൻ ക്രമീകരണങ്ങൾ നടത്തിവരവേയാണ് ഇയാൾ സ്വയം കട തുറന്നത്.