കെ റെയിൽ വിരുദ്ധ സമരം 900 ദിവസം പിന്നിട്ടു
1459196
Sunday, October 6, 2024 2:49 AM IST
കുന്നന്താനം: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ വീടും കൂടുമുപേക്ഷിച്ചു വഴിയാധാരമാകേണ്ടിവരുന്ന പതിനായിരങ്ങളുടെ കണ്ണീരിന്റെ വിലയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പുറത്തു കടക്കാൻ കഴിയാത്ത വിധം ഊരാക്കുടുക്കിൽ പെടുത്തിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ കുന്നന്താനം കത്തോലിക്കാ പള്ളി ജംഗ്ഷനിലെ സ്ഥിരം സമരപ്പന്തലിലെ 900 ദിവസത്തെ സത്യഗ്രഹത്തോടനുബന്ധിച്ച് നടന്ന സമര പോരാളികളുടെ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അനുമതിയോ ശാസ്ത്രീയ പഠനങ്ങളോ ഒന്നും ഇതേവരെയും നടത്താത്തെ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുന്ന പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കാൻ തയാറാകാതെ സർക്കാർ ദുർവാശി കാട്ടുകായണെന്ന് പുതുശേരി ആരോപിച്ചു.
ഒന്നുമാകാത്ത പദ്ധതിയുടെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നോട്ടിഫിക്കേഷൻ കാരണം വായ്പ എടുക്കാനോ ഭൂമി വിൽക്കാനോ കഴിയാതെ കെണിയിൽ പെട്ടിരിക്കുന്ന ആയിരക്കണക്കിനു ഭൂ ഉടമകൾക്ക് മോചനം നൽകാനായിട്ടില്ല. നോട്ടിഫിക്കേഷൻ റദ്ദാക്കാനും ഭൂ ഉടമകൾക്കെതിരേ എടുത്ത കേസുൾ പിൻവലിക്കാനുമുള്ള സാമാന്യ മര്യാദയെങ്കിലും സർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്, കുഞ്ഞുകോശി പോൾ, വി. ജെ. ലാലി, മിനി കെ. ഫിലിപ്പ്,തോമസ് കെ. മാറാട്ടുകുളം, റോസിലിൻ ഫിലിപ്പ്, സൈനാ തോമസ്, മേരിക്കുട്ടി ജോസഫ്, ഷിബു ഏഴേപുഞ്ചയിൽ, സണ്ണി എത്തക്കാട്, സേവ്യർ ജേക്കബ്, എ.റ്റി. വർഗീസ് എന്നിവർ പ്രസംഗിച്ചു.