നിർമലപുരം - മണ്ണാരത്തറ വനറോഡ് ഗതാഗതയോഗ്യമാക്കണമെന്ന്
1458955
Saturday, October 5, 2024 2:55 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ നിർമലപുരം - മേപ്രത്തു പടി - മുഴയമുട്ടം - മണ്ണാരത്തറ വന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നിർമലപുരം - ചുങ്കപ്പാറ ജനകീയ വികസന സമിതി. നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് വനത്തിലൂടെയുള്ള ഈ പാത. റാന്നി - വലിയകാവ് വനത്തിലൂടെയുള്ള പാതയിൽ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്.
റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കാത്തതിനാൽ കല്ലും മണ്ണും മഴക്കാലത്ത് ചെളിയും യാത്രയ്ക്കു തടസമാണ്. ദൈനംദിന ആവശ്യങ്ങൾക്ക് പ്രദേശവാസികൾക്ക് ആശ്രയിക്കാവുന്ന മൺ റോഡ്, സ്കൂൾ കുട്ടികൾ, ആശുപത്രി, മാർക്കറ്റുകൾ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും ഉപയോഗപ്രദമാണ്.
റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും യാത്രയ്ക്കു മടിക്കുകയാണ്. റോഡിൽ പൂട്ടുകട്ട നിരത്തി ഗതാഗതയോഗ്യമാക്കാൻ നിർദേശമുണ്ടായെങ്കിലും വർഷങ്ങളായി യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ചുങ്കപ്പാറ - നിർമലപുരം നിവാസികൾക്ക് റാന്നിയുമായി ഏറ്റവും എളുപ്പം എത്തിച്ചേരാൻ സാധിക്കുന്ന റോഡ് അടിയന്തരമായി കട്ട നിരത്തി ഗതാഗതയോഗ്യമാക്കണമെന്നും മാരങ്കുളം - നിർമലപുരം റോഡ് റീ ടാറിംഗ് നടത്തണമെന്നും ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായ കെ.യു. സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, റെഞ്ചി ഫിലിപ്പ് മോടിയിൽ, ബിറ്റോ മാപ്പൂർ, സജി മോടിയിൽ, രാജു വേങ്ങോലിൽ, അബ്ദുൾ അസീസ് മേപ്രത്ത്, രാജു മോടിയിൽ, ജോയി പീടികയിൽ, റിജോ മോടിയിൽ, തോമസുകുട്ടി കണ്ണാടിക്കൽ, ബിജു മോടിയിൽ, ബേബിക്കുട്ടി കൊച്ചുപഴയിടത്ത്, റിജോ മോടിയിൽ, ബാബു പുലിത്തിട്ട, ജോസ് മോടിയിൽ, പൊടിച്ചായൻ കൊച്ചു പഴയിടം എന്നിവർ പ്രസംഗിച്ചു.