ജോലിയില്ല, വൻതുക കുടിശിക : ചെറുകിട കരാറുകാർ നിലനില്പിനായുള്ള പോരാട്ടത്തിൽ
1458953
Saturday, October 5, 2024 2:55 AM IST
പത്തനംതിട്ട: കരാറുകാർക്ക് കുടിശിക ഏറുകയും ചെറുകിട ജോലികൾ നിലയ്ക്കുകയും ചെയ്തതോടെ ജില്ലയിലെ ചെറുകിട കരാറുകാർ നിലനില്പിനായുള്ള പോരാട്ടത്തിൽ. കരാറുകാരിൽ നല്ലൊരു പങ്കും ജോലി ഉപേക്ഷിച്ചതായി പറയുന്നു. കഴിഞ്ഞ ഒരുവർഷമായി സർക്കാർ കരാർ ജോലികൾ ഒന്നും നടക്കുന്നില്ല.
വൻകിട പ്രോജക്ടുകളിൽ ചെറുകിട കരാറുകാർക്ക് കൈവയ്ക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. ചെറുകിട കരാറുകാരെ കഴുത്തുഞെരിച്ച് കൊല്ലുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് വിവിധ സംഘടനകളും കുറ്റപ്പെടുത്തി.
റോഡുകൾ, ജലവിതരണം, കെട്ടിടനിർമാണം തുടങ്ങിയ കരാർ ജോലികളിൽ ഇപ്പോൾ ചെറുകിട കരാറുകാർക്ക് ഇടപെടാനാകാത്ത സ്ഥിതിയാണ്. നിരവധിയായ പ്രശ്നങ്ങളാണ് കരാർ മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്.
ശബരിമല കാലമെത്തിയിട്ടും കരാർ ക്ഷണിച്ചിട്ടില്ല
ശബരിമല തീർഥാടനകാലം പടിവാതിൽക്കലെത്തിയിട്ടും ഇത്തവണ പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണ കരാറുകൾ ക്ഷണിച്ചിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണികൾ, പുനർനിർമാണം, റീ ടാറിംഗ് അടക്കമുള്ള ജോലികൾക്കാണ് മുൻകൂട്ടി ടെൻഡർ ക്ഷണിച്ചിരുന്നത്. മുൻകാലങ്ങളിൽ ഓഗസ്റ്റ് മാസത്തിൽതന്നെ കരാർ ക്ഷണിക്കുക പതിവായിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് അനുബന്ധ പാതകളായി 30 ലധികം റോഡുകളുണ്ട്. എന്നാൽ ഇവയിൽ പലതും കെഎസ്ടിപി പദ്ധതിയിൽ പുനർനിർമിച്ചിട്ടുള്ളതിനാൽ ദീർഘകാല കരാർ നിലവിലുണ്ടെന്ന് പറയുന്നു. നവംബർ പത്തിനു മുന്പായി പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട പല റോഡുകളും കുഴികൾ നിറഞ്ഞു കിടക്കുകയാണ്.
തുക പുതുക്കിയിട്ടില്ല
2018ലെ നിരക്കിലാണ് ഇപ്പോഴും പൊതുമരാമത്ത് ജോലികളിൽ കരാർ വിളിക്കുന്നത്. ഇത് വർധിപ്പിച്ചു നൽകണമെന്ന കരാറുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ക്വാറികളിൽ ഇതിനുശേഷം നിരക്ക് പലതവണ വർധിച്ചു. ഇപ്പോഴും പഴയ നിരക്കാണ് കരാറുകാർക്ക് അനുവദിച്ചിട്ടുള്ളത്. ടാറിന്റെ ലഭ്യതയിലും കരാറുകാർക്ക് നഷ്ടമാണ്.
നിരക്ക് വർധന ആവശ്യപ്പെട്ട് പലതവണ കരാറുകാർ പൊതുമരാമത്ത് മന്ത്രിയെ അടക്കം സമീപിച്ചു. എന്നാൽ നിസംഗതാ മനോഭാവമാണുണ്ടായതെന്ന് ജില്ലയിലെ പ്രമുഖ കരാറുകാരനായ തോമസുകുട്ടി തേവരുമുറിയിൽ പറഞ്ഞു.
ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷനും ഫെഡറേഷനും അടക്കമുള്ള സംഘടനകൾ ഈ ആവശ്യമുന്നയിച്ച് സർക്കാരിലേക്ക് നിവേദനം നൽകിയിരുന്നു.
ജോലികൾ മുഴുവൻ വൻകിട കരാറുകാർക്ക്
കോടിക്കണക്കിനു രൂപ ചെറുകിട കരാറുകാർക്ക് കുടിശികയായിരിക്കേ വൻകിട കരാറുകാർക്കാണ് പുതിയ ജോലികൾ നൽകുന്നത്. പത്തനംതിട്ട ജില്ലയിൽ മാത്രം അരഡസൻ കരാർ ജോലികൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, കോമളം പാലം തുടങ്ങിയവയുടെ പണികൾ ഊരാളുങ്കൽ സൊസൈറ്റിയാണ് ചെയ്തുവരുന്നത്.
ചെറുകിട കരാറുകാർക്ക് നിരക്ക് വർധിപ്പിച്ചു നൽകാൻ തയാറാകാത്ത സർക്കാർ വൻകിട കരാർ കന്പനികൾക്ക് 35 ശതമാനം അധികനിരക്ക് നൽകി വരികയാണെന്നും കോൺട്രാക്ടേഴ്സ് സംഘടനകൾ കുറ്റപ്പെടുത്തി.