തിരുവോണത്തോണിക്ക് ആചാരപരമായ വരവേല്പ്
1453720
Tuesday, September 17, 2024 12:46 AM IST
ആറന്മുള: ആറന്മുള പാര്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണ വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില് കാട്ടൂരില്നിന്നു പുറപ്പെട്ട തിരുവോണത്തോണിയെ ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ചു.
തിരുവോണനാള് പുലര്ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തിയ തോണിയെയും ഭട്ടതിരിയെയും വരവേല്ക്കാന് പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം അധികൃതരും ക്ഷേത്രം ഭാരവാഹികളും സന്നിഹിതരായിരുന്നു. നിരവധി ഭക്തജനങ്ങളും പള്ളിയോട കരക്കാരും ആര്പ്പുവിളികളോടെ കാത്തുനിന്നു.
ഉത്രാടനാള് സന്ധ്യയില് കാട്ടൂര് മഹാവിഷ്ണു ക്ഷേത്രക്കടവില്നിന്നാണ് തോണി പുറപ്പെട്ടത്.
തിരുവോണ വിഭവങ്ങളുമായി തോണിയേറി ഭട്ടതിരിക്ക് അകമ്പടിയായി മേലുകര, അയിരൂര്, കോറ്റാത്തൂര്, കാട്ടൂര്, ഇടപ്പാവൂര്, ചെറുകോല്, കടപ്ര, കീക്കൊഴൂര്, വയലത്തല പള്ളിയോടങ്ങള് പമ്പാനദിയിലൂടെയുള്ള യാത്രയ്ക്ക് അകമ്പടി സേവിച്ചിരുന്നു.
പമ്പയുടെ കരകളില് മണ്ചെരാതുകള് തെളിച്ച് തോണിയാത്രയെ വരവേറ്റു. പമ്പയെ പ്രകാശപൂരിതമാക്കിയുള്ള യാത്ര കാണാന് വന് ജനാവലിയാണ് തടിച്ചുകൂടിയത്. ആറന്മുള ക്ഷേത്രത്തിലേക്ക് ഭട്ടതിരിയെ ആചാരപരമായി സ്വീകരിച്ചു. തിരുവോണ വിഭവങ്ങള് ക്ഷേത്രത്തിലെത്തിച്ചശേഷം സദ്യക്കുള്ള ഒരുക്കങ്ങള് തുടങ്ങി.
മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയില് തിരുവോണ വിഭവങ്ങളുമായി ആറന്മുളയിലെത്തിയത്. ഉച്ചയ്ക്ക് ക്ഷേത്രത്തില് നടന്ന തിരുവോണസദ്യയില് ഭട്ടതിരി പങ്കെടുത്തു. സദ്യക്ക് മുന്നോടിയായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന് ദീപം തെളിച്ചു.
ക്ഷേത്രത്തിലെത്തിയ മുഴുവന് ആളുകള്ക്കും സദ്യ നല്കി. സദ്യക്കുശേഷം പണക്കിഴിയും നല്കി ആചാരങ്ങള് പൂര്ത്തീകരിച്ച് ഭട്ടതിരിയും സംഘവം കുമാരനല്ലൂരിലേക്ക് മടങ്ങി.