പിഎം റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ പഠനം നടത്താന്‍ കെഎസ്ടിപിക്കു നിര്‍ദേശം
1451878
Monday, September 9, 2024 6:16 AM IST
കോന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം പരിശോധിച്ചു പരിഹാരമാര്‍ഗങ്ങള്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ കെഎസ്ടിപി അധികൃതര്‍ക്ക് കോന്നി താലൂക്ക് വികസനസമിതി നിര്‍ദേശം നല്കി.
സംസ്ഥാനപാതയുടെ ആധുനിക നിലവാരത്തിലുള്ള നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം എല്ലാ ദിവസവും തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നത് കോന്നി താലൂക്ക് വികസനസമിതിയില്‍ ചര്‍ച്ചയായപ്പോഴാണ് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ കെഎസ്ടിപി അധികൃതരോട് എംഎല്‍എ നിര്‍ദേശിച്ചത്.
ടെന്‍ഡര്‍ പൂര്‍ത്തിയായ കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുമരാമത്ത് അധികൃതരോട് എംഎല്‍എ നിര്‍ദേശിച്ചു.
ജല അഥോറിറ്റി പൈപ്പ് പൊട്ടിയതുമൂലം പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൊല്ലന്‍പടി ജംഗ്ഷനിലുള്‍പ്പെടെ രൂപപ്പെട്ട കുഴികള്‍ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശമുണ്ടായി.
കോന്നിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ്, എക്സൈസ് അധികൃതര്‍ ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
16 കോടി രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന മലയാലപ്പുഴ റോഡിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് അധികൃതരോടും യോഗം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് റോഡിന്റെ ഇരുവശവും കാട് വളര്‍ന്നു നില്‍ക്കുന്നത് അടിയന്തരമായി വെട്ടിമാറ്റുന്നതിനും നടപടികളുണ്ടാകണം.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ മിനി, കോന്നി തഹസില്‍ദാര്‍ കെ. മഞ്ജുഷ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.