ജനറൽ ആശുപത്രി കെട്ടിടങ്ങളുടെ നിർമാണം സാങ്കേതികതടസങ്ങൾ നീങ്ങിയില്ല; ഒറ്റ ബ്ലോക്കാക്കുന്നതു പരിഗണനയിൽ
1339286
Friday, September 29, 2023 11:42 PM IST
പത്തനംതിട്ട: ജനറൽ ആശുപത്രി വളപ്പിൽ പുതുതായി ഒപി, അത്യാഹിത വിഭാഗങ്ങൾക്കായി നിർമിക്കുന്ന രണ്ടു കെട്ടിടങ്ങളും ഒറ്റ ബ്ലോക്കാക്കണമെന്ന നിർദേശം സജീവ പരിഗണനയിൽ. എന്നാൽ രണ്ടു വ്യത്യസ്ത തലത്തിലുള്ള പ്ലാനും നിർമാണരീതികൾ അവലംബിക്കുന്ന കെട്ടിടങ്ങൾ ഒറ്റ ബ്ലോക്കായി പിന്നീട് പരിവർത്തനം ചെയ്യുന്നതിലെ സാങ്കേതിക തടസങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഒപി ബ്ലോക്കിനായി നിലവിൽ അനുമതി ലഭിച്ചിട്ടുള്ള ആറുനില കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ച് ടെൻഡറും കഴിഞ്ഞതാണ്. ഇതിന്റെ പൈലിംഗ് ജോലികൾ ആരംഭിക്കുന്ന ഘട്ടവുമാണ്. നബാർഡിന്റെ ധനസഹായത്തോടെ ആരോഗ്യവകുപ്പാണ് കെട്ടിടനിർമാണം നടത്തുന്നത്.
നിലവിലെ ഒപി, അത്യാഹിത വിഭാഗങ്ങൾ സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചു നീക്കി അവിടെ നാലുനിലകളിലുള്ള പുതിയ ഒരു ബ്ലോക്ക് നിർമാണത്തിനു കൂടി അനുമതി ലഭിച്ചിട്ടുണ്ട്. എൻഎച്ച്എമ്മിന്റെയും കിറ്റ്കോയുടെയും ധനസഹായത്തോടെയാണ് നിർമാണം.
കേന്ദ്രഫണ്ട്കൂടി പ്രയോജനപ്പെടുത്തിയുള്ള കെട്ടിടത്തിനായി പ്ലാനും എസ്റ്റിമേറ്റും തയാറാക്കി. ഡിസംബറിനകം കെട്ടിടം നിർമാണം ആരംഭിക്കുകയും ആദ്യഗഡു വാങ്ങേണ്ടതുമാണ്.
നിർമാണം വേഗത്തിലാക്കുന്നതിനു സാങ്കേതിക തടസങ്ങൾ നീക്കുന്നതിലേക്ക് ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ട് പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗവുമായി ചർച്ചകൾ നടത്തിവരികയാണ്.
വഴിതന്നെ പ്രധാന തടസം
ഒരേ വളപ്പിൽ രണ്ടുകെട്ടിടങ്ങൾ ഉയരുന്പോഴുണ്ടാകുന്ന സാങ്കേതിക തടസങ്ങളും അനുമതി ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളുമാണ് പുനരാലോചനയ്ക്കു പ്രേരിപ്പിച്ചതെന്നു പറയുന്നു. ഇതു സംബന്ധിച്ച് ഉന്നതതലത്തിൽ സാങ്കേതിക വിദഗ്ധരുടെ യോഗം ചേർന്നിരുന്നു.
ഒരേ വളപ്പിൽ രണ്ട് കെട്ടിടങ്ങൾ വരുന്പോൾ ഇതിനു മധ്യത്തിലായി അഞ്ച് മീറ്റർ റോഡ് നിർബന്ധമാണ്. ഒപി, അത്യാഹിത വിഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ റോഡ് കൂടാതെ ഇരു കെട്ടിടങ്ങളുടെ ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളും പാലിക്കപ്പെടാൻ ബുദ്ധിമുട്ടുണ്ടാകും.
ഇതു പരിഗണിച്ചാണ് ഇരുകെട്ടിടങ്ങളും ഒരേ രീതിയിൽ രണ്ട് കരാറുകളിലായി പണികഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയത്. നിർമാണം പൂർത്തിയാകുന്ന ഘട്ടത്തിൽ ഇരുകെട്ടിടങ്ങളും ബന്ധിപ്പിച്ച് ഒറ്റ ബ്ലോക്കായി പരിഗണിച്ച് അനുമതി പത്രങ്ങൾ നേടാമെന്ന നിർദേശമാണുണ്ടായത്.
ബദൽ ക്രമീകരണങ്ങളിൽ അവ്യക്തത
ആശുപത്രിയിലെ ഒപി ബ്ലോക്ക് പൊളിക്കാനുള്ള ടെൻഡറായെങ്കിലും ഇതിനുള്ള നടപടികൾ ആരംഭിക്കുന്നതിനു മുന്പായി ബദൽ ക്രമീകരണങ്ങൾ ഉണ്ടാകണം. ഇതു സംബന്ധിച്ച് എച്ച്എംസി യോഗം കൂടി അന്തിമ തീരുമാനമെടുക്കാനായിട്ടില്ല. നിലവിലെ കെട്ടിടം പൊളിക്കുന്നതോടെ ഒപി പേ വാർഡിലേക്ക് മാറ്റാനാണ് നിർദേശമുണ്ടായത്.
അത്യാഹിത വിഭാഗം കോവിഡ് പരിശോധന വാർഡിലേക്കും മാറ്റും. മാറ്റങ്ങളും നിർമാണവും ആശുപത്രി പരിസരത്ത് തിരക്ക് വർധിപ്പിക്കുമെന്നും തടസങ്ങൾക്കു കാരണമാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയർന്നത്.
പകരമായി ഒപി ടൗണിൽ മറ്റൊരു സ്ഥലത്തേക്കു മാറ്റാനുള്ള നിർദേശം ഉയർന്നെങ്കിലും ഡോക്ടർമാരടക്കം ഇതിനോടു വിയോജിച്ചിരുന്നു. ആശുപത്രി വളപ്പിലെ സ്ഥലപരിമിതിയാണ് നിർമാണഘട്ടത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്.