കാടിന്റെ മക്കൾക്ക് കൈത്താങ്ങുമായി നല്ല ശമര്യാക്കാർ
1301377
Friday, June 9, 2023 10:57 PM IST
റാന്നി: അധ്യയന വർഷാരംഭത്തിൽ തന്നെ കാടിന്റെ മക്കൾക്ക് സഹായഹസ്തവുമായി ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി പ്രവർത്തകരെത്തി.
ശബരിമല വനമേഖലയിലെ ആദിവാസി മലംപണ്ടാരം കുടികളിലെ കുട്ടികളുൾപ്പെടെയുള്ളവർ പഠിക്കുന്ന അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിലാണ് നല്ല ശമര്യാക്കാരുടെ സഹായമെത്തിയത്. ചർമ സംരക്ഷണ ഹെർബൽ സോപ്പ്, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ്, വാഷിംഗ് ബാർ തുടങ്ങിയവയുൾപ്പെടുന്ന ആരോഗ്യ പരിപാലന വസ്തുക്കളും നോട്ട് ബുക്കുകളുമാണ് ഇത്തവണ നൽകിയത്.
2009 മുതൽ തുടർച്ചയായി വനമേഖലയിലെ ആദിവാസി കേന്ദ്രങ്ങളിലും അട്ടത്തോട്, മൂഴിയാർ, കിസുമം സ്കൂളുകളിലും ഗുഡ് സമരിറ്റൻ സൊസൈറ്റി സഹായമെത്തിക്കുന്നുണ്ട്. രാജ്യത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ ട്രൈബൽ വിദ്യാലായമായ അട്ടത്തോട് സ്കൂളിലേക്ക് യൂണിഫോം തയ്ച്ച് നൽകിയതും ഗുഡ് സമരിറ്റൻ സൊസൈറ്റിയായിരുന്നു.
അട്ടത്തോട് സ്കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു തോമസ് അമ്പൂരി അധ്യക്ഷത വഹിച്ചു. ബേബി ജോൺ മണിമലേത്ത്, ബിന്നി ശാമുവേൽ തലക്കോട്ട്, രഞ്ജിത്ത് ജോസഫ്, സ്കൂൾ അധ്യാപകരായ അഭിലാഷ്, ആശാ നന്ദൻ, ഹിമ എന്നിവർ പ്രസംഗിച്ചു.