ജീവന്റെ സംരക്ഷകരാകണം: കാതോലിക്ക ബാവ
1300838
Wednesday, June 7, 2023 10:44 PM IST
തിരുവല്ല: ജീവിതം സ്വാർഥരഹിതമാക്കി ജീവന്റെ സംരക്ഷകരായി സമൂഹം മാറണമെന്നു ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വൈഎംസിഎ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന എക്യുമെനിക്കൽ അസംബ്ലിയും സ്ഥാപക ദിനാചരണവും തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണു തുറന്ന് കണ്ണുനീർ ഒപ്പുന്ന പ്രവർത്തനങ്ങളിലാണ് അർഥവും ഭാവവും രൂപവും സന്ദേശവും ലോകത്തിന് നൽകാൻ സാധിക്കുന്നത്. ധാരാളിത്തവും ധൂർത്തും ഒരു ഭാഗത്ത് വർധിക്കുന്പോൾ മറുഭാഗത്ത് പട്ടിണിമൂലം ആളുകൾ മരിക്കുകയാണ്. അമിതഭക്ഷണം മൂലം രോഗികളായി മാറുന്നവരുടെ എണ്ണവും കൂടിവരുന്നു. ആർത്തി സംസ്കാരം ഉപേക്ഷിച്ച് പങ്കിടലിന്റെ മഹത്വം ലോകത്തിനു പ്രദാനം ചെയ്യുകയാണു വേണ്ടതെന്നും കാതോലിക്ക ബാവ പറഞ്ഞു.
ദേശീയ പ്രസിഡന്റ് ഡോ. വിൻസന്റ് ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ എക്യുമെനിക്കൽ സന്ദേശവും ദേശീയ ട്രഷറർ റെജി ജോർജ് സ്ഥാപകദിന സന്ദേശവും നൽകി.
മുൻ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശിയെ ആദരിച്ചു. റീജണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ, തിരുവല്ല വൈഎംസിഎ പ്രസിഡന്റ് ഷിബു പുതുക്കേരി, തിരുവല്ല സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ ജോജി പി. തോമസ്, ഫാ. ഷൈജു കുര്യൻ, ഡോ. റേയ്സ് മല്ലശേരി, വർഗീസ് ടി. മങ്ങാട്, ഫാ. ഡാനിയേൽ പുല്ലേലിൽ, എബി ജേക്കബ്, നാഷണൽ സമിതി അംഗം വി.എം. മത്തായി, റീജണൽ വൈസ് ചെയർമാൻ വർഗീസ് പള്ളിക്കര, ട്രഷറാർ പി.എം തോമസ്ക്കുട്ടി, വർഗീസ് കരിക്കലാൻ എന്നിവർ പ്രസംഗിച്ചു.