ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞ് കൈയില്‍നിന്നു താഴെവീണു മരിച്ച നിലയില്‍
1300126
Sunday, June 4, 2023 11:18 PM IST
കോഴഞ്ചേരി: തെക്കേമലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ അച്ഛന്റെ കൈയില്‍നിന്നു താഴെവീണു മരിച്ചനിലയില്‍. ബീഹാര്‍ കത്തീഹര് ജില്ലയിലെ സൊണാലി സ്വദേശികളായ നാഗേന്ദര്‍ കുമാര്‍ ഉറാവു, സവിത ദേവി ദമ്പതികളുടെ മകളാണ് മരിച്ചത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇവര്‍ ബീഹാറില്‍ നിന്നെത്തി തെക്കേമലയില്‍ താമസമായത്.
രണ്ടിനു രാത്രി എട്ടോടെ കുട്ടിയുമായി അച്ഛന് കടയില്‍ പോയി വരുമ്പോള്‍ കാല് തട്ടി കുട്ടി കൈയില്‍നിന്നു താഴെവീണതായാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞത്. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
കുട്ടി വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥന് പോലീസ് സ്റ്റേഷനില്‍ അറിയിക്കാതെയാണ്. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരുന്നതെന്നതിനാല് ഇയാള്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.