പത്തനംതിട്ട: ഖരമാലിന്യ പരിപാലന സംസ്കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള ഒന്നാംഘട്ടമായ അടിയന്തരഘട്ട പ്രവര്‍ത്തനങ്ങളും ജനപങ്കാളിത്തത്തോടെയുള്ള കാമ്പയിനും നാളെ പൂര്‍ത്തിയാകും. ഒന്നാംഘട്ട സമാപനമായ നാളെ ഹരിതസഭ ഗ്രാമ-നഗരസഭ തലത്തില്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് സോഷ്യല്‍ ഓഡിറ്റിന് സമര്‍പ്പിക്കും.
ഖരമാലിന്യ പരിപാലന സംസ്കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കലും ജൈവ മാലിന്യ സംസ്കരണത്തിന് തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഉത്പാദകരുടെ പൂര്‍ണ ഉത്തരവാദിത്വത്തിൽ അല്ലെങ്കില്‍ കമ്യൂണിറ്റി കമ്പോസ്റ്റിംഗ് യൂണിറ്റുകളെ ആശ്രയിച്ച് ജൈവ മാലിന്യങ്ങളുടെ സംസ്കരണം നടക്കുന്നുവെന്ന് ഉറപ്പാക്കല്‍, ഹരിതകര്‍മസേന വഴി 100 ശതമാനം വാതില്‍പ്പടി ശേഖരണം, മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവ മനോഹരമാക്കി പൂര്‍ണമായി വീണ്ടെടുക്കല്‍, ജലാശയങ്ങളിലെ മാലിന്യം നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.