വൈക്കം സത്യഗ്രഹ ശതാബ്ദി: ഛായാചിത്രജാഥ നാളെ കോഴഞ്ചേരിയിൽനിന്ന്
1281291
Sunday, March 26, 2023 10:22 PM IST
പത്തനംതിട്ട: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മേളന വേദിയിൽ സ്ഥാപിക്കുന്നതിനായി സമര രക്തസാക്ഷി ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ഛായാചിത്ര ജാഥ 28നു കോഴഞ്ചേരിയിൽ നിന്നു പുറപ്പെടും.
ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ നയിക്കുന്ന ജാഥ
രാവിലെ 9.30ന് കോഴഞ്ചേരി സി. കേശവൻ സ്ക്വയറിൽ നിന്നാണ് ആരംഭിക്കുന്നത്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഛായാചിത്രം കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും.
പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള, ഡോ. ജോസ് പാറക്കടവിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജീവചരിത്രം രചിച്ച അന്തരിച്ച തെള്ളിയൂർ ഗോപാലകൃഷ്ണന്റെ ഭാര്യ വി.കെ. ശാരദാമ്മയെ ചടങ്ങിൽ ആദരിക്കും.
ജാഥ കോഴഞ്ചേരി സി. കേശവൻ സ്ക്വയറിൽ നിന്നാരംഭിച്ച് തിരുവല്ല, മല്ലപ്പള്ളി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, പാലാ, കുറുവിലങ്ങാട്, കടുത്തുരുത്തി എന്നിവിടങ്ങളിലൂടെ 29ന് വൈകുന്നേരം അഞ്ചിനു വൈക്കത്ത് എത്തിച്ചേരും. ജാഥയുടെ സ്വീകരണത്തോടനുബന്ധിച്ച് തിരുവല്ല, മല്ലപ്പള്ളി, റാന്നി എന്നിവിടങ്ങളിൽ സമ്മേളനങ്ങൾ ഉണ്ടാകും.
മാർച്ച് 30 മുതൽ കെപിസിസി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് രക്തസാക്ഷി അനുസ്മരണ ഛായാചിത്രജാഥ നടത്തുന്ന് വൈക്കം സത്യഗ്രഹ സമരത്തിലെ ഏക രക്തസാക്ഷിയും തിരുവിതാംകൂറിലെ ആദ്യ രക്തസാക്ഷിയുമാണ് ചിറ്റേടത്തു ശങ്കുപ്പിള്ള. കോഴഞ്ചേരി മേലുകരയിലെ പ്രമുഖമായ ചിറ്റേടത്ത് കുടുംബത്തിലെ അംഗമാണ് അദ്ദേഹം. സവർണനെങ്കിലും അവർണ ജനസമൂഹത്തോടുള്ള നീതി നിഷേധത്തിനെതിരേ പോരാടി സവർണരാൽ കൊല ചെയ്യപ്പെട്ടയാളാണ് അദ്ദേഹം.
ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.