കാട്ടുപന്നി കുറുകെച്ചാടി; ഇരുചക്ര വാഹനയാത്രികർക്ക് പരിക്ക്
1280543
Friday, March 24, 2023 10:42 PM IST
പത്തനംതിട്ട: കാട്ടുപന്നി കുറുകെച്ചാടി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർക്കു പരിക്ക്.
മലയാലപ്പുഴ കിഴക്കുപുറത്ത് ബൈക്കിൽ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന ദമ്പതികൾക്കു പരിക്ക്.
വ്യാഴാഴ്ച രാത്രി 7.30 ന് കിഴക്കുപുറത്താണ് സംഭവം. ഏഴു മാസം പ്രായമായ മകൻ ഹയാനുമായി ഭാര്യാവീട്ടിലേക്ക് പോയ മലയാലപ്പുഴ താഴം നിധീഷ് ഭവനിൽ നിഷാദ് എൻ. നായർ(30)ക്കും ഭാര്യ കാവ്യയ്ക്കു(28)മാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. നിഷാദിന്റെ ഇടതുകൈയ്ക്കു പരിക്കേറ്റു. കാവ്യയുടെ ഇടതു കാലിനും കൈയ്ക്കും ചതവുണ്ട്. കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
കുരിശുമുട്ടത്ത് ബൈക്ക് മറിച്ചിട്ടു
തടിയൂർ: കുരിശുമുട്ടം - തടിയൂർ റോഡിൽ രാത്രിയാത്രയ്ക്കിടെ കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരനു പരിക്ക്. വ്യാഴാഴ്ച രാത്രി ഒന്പതോടെയാണ് അപകടം. വെള്ളയിൽ ഓറോലിക്കുഴിയിൽ ജോളി മാത്യുവി(48)നാണ് പരിക്കേറ്റത്.
പന്നിയുടെ മുന്പിൽ അകപ്പെട്ട ഇരുചക്രവാഹനത്തെ തട്ടിമറിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി നീങ്ങിയ യാത്രികന്റെ കൈകാലുകളിൽ പരിക്കേറ്റു. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സ്കൂട്ടറിടിച്ചു മറിച്ചു
അടൂർ: കാട്ടുപന്നി സ്കൂട്ടറിടിച്ച് മറിച്ചതിനെത്തുടർന്ന് യുവതിക്ക് പരിക്ക്. കൈതപ്പറന്പ് കക്കാട്ടുകുഴി ഇടപ്പുറ വീട്ടിൽ ജി. സ്മിതയ്ക്കാ(36)ണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ ഏഴിന് ക്ഷീരസംഘത്തിൽ പാല് വാങ്ങുന്നതിനായി പോകുന്പോഴായിരുന്നു അപകടം.
റോഡ് കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞു. സ്മിതയുടെ കൈകാലുകൾക്ക് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.