മൈലപ്ര ബാങ്കിന്റെ ആസ്തികൾ വില്ക്കാനുള്ള നീക്കം വിവാദത്തിൽ
1279688
Tuesday, March 21, 2023 10:46 PM IST
പത്തനംതിട്ട: ആരോപണം നേരിടുന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആസ്തികൾ വിൽക്കാനുള്ള നീക്കം വിവാദത്തിൽ.
ബാങ്ക് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങളിൽ ക്രൈംബ്രാഞ്ചും സഹകരണ വകുപ്പും അന്വേഷണം നടത്തുന്നതിനിടെയാണ് പൊതുയോഗം വിളിച്ചുകൂട്ടി ആസ്തികൾ വില്പന നടത്തി ബാങ്ക് പ്രവർത്തനഫണ്ടിൽ പണം കണ്ടെത്താൻ ശ്രമം നടക്കുന്നത്. ഏപ്രിൽ അഞ്ചിനു പൊതുയോഗം കൂടുന്നതിലേക്കാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബാങ്കിന്റെ ഭൗതിക ആസ്തികളുടെ വില്പന അജൻഡയിലുൾപ്പെടുത്തിയിട്ടുണ്ട്. ബാങ്കിനു കീഴിൽ പ്രവർത്തിച്ചിരുന്ന മൈഫുഡ് റോൾ ഫ്ലോർ ഫാക്ടറിയുടെ വില്പനയാണ് ഇതിൽ പ്രധാനം. ബാങ്കിന്റെ സാന്പത്തിക ബാധ്യതകൾ തീർത്ത് നിലവിലെ പ്രതിസന്ധി പരിഹരിച്ചു പ്രവർത്തനം കാര്യക്ഷമമാക്കുകയെന്നതും അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫാക്ടറി നടത്തിപ്പ്
ബാങ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയെ സംബന്ധിച്ചാണ് ആക്ഷേപങ്ങളേറെയും ഉയർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഇത്തരത്തിൽ നിയമനടപടി നേരിടുന്ന സ്ഥാപനം എങ്ങനെ വിൽക്കാനാകുമെന്ന് ഓഹരി ഉടമകളുടെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 3.94 കോടി രൂപയുടെ തിരിമറി സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
സഹകരണവകുപ്പ് ഫാക്ടറിയിൽ നടത്തിയ അന്വേഷണത്തിൽ 29.58 കോടി രൂപ അഡ്വാൻസ് കൈപ്പറ്റിയതും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു 32.95 കോടി രൂപ ബാങ്കിനു ലഭിക്കാനുണ്ടെന്നും റിപ്പോർട്ടുണ്ട്.
കേരള ബാങ്കിലും ഇതര ധനകാര്യസ്ഥാപനങ്ങളിലും ഫാക്ടറി ഉൾപ്പെടെ ഈടു നൽകി വായ്പ എടുത്തിട്ടുണ്ട്. ഗോതന്പ് സംസ്കരണ യൂണിറ്റും അടച്ചു. ബാധ്യതകൾ നിലനിൽക്കുന്ന ഒരു സ്ഥാപനം വില്പന നടത്തുന്നതിനു പിന്നിൽ ദുരൂഹതയുള്ളതായി ഓഹരി ഉടമകൾ ആരോപിക്കുന്നു.
അന്വേഷണത്തിലെ
രാഷ്ട്രീയം
സിപിഎം ഏരിയ കമ്മിറ്റിയംഗം ജെറി ഈശോ ഉമ്മൻ പ്രസിഡന്റായ ബാങ്കിനെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണവും മന്ദഗതിയിലായിരുന്നു. ഗുരുതരമായ ആരോപണങ്ങളുയരുകയും സെക്രട്ടറിക്കെതിരേ നടപടി വരികയും ചെയ്തപ്പോഴും ഭരണസമിതിയെ സംരക്ഷിക്കുന്ന നിലപാടാണ് സഹകരണ വകുപ്പിൽനിന്നുണ്ടായത്. കഴിഞ്ഞ ഒക്ടോബറിലാണ് ക്രൈംബ്രാഞ്ചിലെ സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗം അന്വേഷണം ഏറ്റെടുത്തത്. മുൻ സെക്രട്ടറിയെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
അനുമതി വേണം
മൈലപ്ര സഹകരണ ബാങ്കിൽ പൊതുയോഗം കൂടുന്നതി നു നിയമതടസമില്ലെങ്കിലും ബാങ്കിന്റെ ആസ്തികൾ വിൽക്കുന്നതിനു സഹകരണവകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് ജോയിന്റ് രജിസ്ട്രാർ. ഇതു സംബന്ധിച്ച പരാതികൾ ഏറെയുണ്ട്.
ബാങ്കിന്റെ ഇടപാടുകളുമാ യി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വില്പനയ്ക്ക് അനുമതി എളുപ്പമാകില്ല.
നടപടികൾ ദുരൂഹം
കോടി കണക്കിനു രൂപയുടെ ബാധ്യതകൾ നിലനിൽക്കുന്ന മൈലപ്ര സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി വിൽക്കാനുള്ള നീക്കം തടയണമെന്നു മുൻ ഡയറക്ടർ ബോർഡംഗം ഗീവർഗീസ് തറയിൽ ആവശ്യപ്പെട്ടു.
അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പ്രതിക്കൂട്ടിലായ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാൻ കോടതിയെ ബോധ്യപ്പെടുത്തേണ്ട സാഹചര്യത്തിൽ ഇപ്പോൾ നല്ലപിള്ള ചമയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചുകൂട്ടാനുള്ള നീക്കം. നിക്ഷേപകർക്കു ലക്ഷക്കണക്കിനു രൂപയാണ് നൽകാനുള്ളത്. അന്വേഷണ റിപ്പോർട്ടുകൾ പലതും വെളിച്ചം കണ്ടിട്ടില്ല. ഭരണസമിതിയുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിൽ മറുപടികൾ ഉണ്ടായിട്ടില്ല.
ബാങ്കുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ സഹകരണ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഗീവർഗീസ് തറയിൽ ആവശ്യപ്പെട്ടു.