ജലഅഥോറിറ്റി കണക്ഷന് വിച്ഛേദിച്ചു തുടങ്ങി
1279390
Monday, March 20, 2023 10:39 PM IST
പത്തനംതിട്ട: കുടിശിക ഭീമമായതിനു പിന്നാലെ ജലഅഥോറിറ്റി കര്‍ശന നടപടികളിലേക്ക്. കുടിശിക അടയ്ക്കാനുള്ള കാലാവധി അവസാനിച്ചതോടെ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി. പത്തനംതിട്ട. തിരുവല്ല ഡിവിഷനുകളിലായി 12.34 കോടി രൂപയാണ് ജലഅഥോറിറ്റിക്ക് പിരിഞ്ഞുകിട്ടാനുള്ളത്. തിരുവല്ല ഡിവിഷനില്‍ 7.62 കോടി രൂപയും പത്തനംതിട്ടയില്‍ 4.72 കോടി രൂപയുമാണ് കുടിശിക.
മുന്നില്‍ സര്‍ക്കാര്‍
ഓഫീസുകള്‍
പത്തനംതിട്ട ഡിവിഷനില്‍ ലഭിക്കാനുള്ള തുകയില്‍ 3.50 കോടി രൂപയും സര്‍ക്കാര്‍ ഓഫീസുകളുടേതാണ്. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്, ആറന്മുള മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കണക്ഷനുകളാണ് കുടിശികയായുള്ളത്. ജനറല്‍ ആശുപത്രിയിലെ വെള്ളക്കരം അടയ്ക്കേണ്ടത് നഗരസഭയാണ്. വെള്ളം മുടങ്ങിയാല്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് നടപടികളിലേക്ക് കടക്കാതിരുന്നതെന്ന് ജലഅഥോറിറ്റി പറയുന്നു.
2019നുശേഷം ജനറല്‍ ആശുപത്രിയില്‍നിന്നു വെള്ളക്കരം അടച്ചിട്ടില്ല. രണ്ടു കണക്ഷനുകളാണ് ആശുപത്രിക്കു നല്‍കിയിരിക്കുന്നത്.
കുടിശിക 1.82 കോടി രൂപ അടയ്ക്കാനുണ്ട്. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ രണ്ട് കണക്ഷന ുകളിലായി 1.51 കോടി ലഭിക്കാനുണ്ട്.
മിനി സിവില്‍
സ്റ്റേഷനില്‍ 20 ലക്ഷം
മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ 20 ലക്ഷം രൂപയുടെ കുടിശികയാണുള്ളത്. കണക്ഷന് വിച്ഛേദിച്ചതിനു പിന്നാലെ പണം അടയ്ക്കാനുള്ള നടപടികളായിട്ടുണ്ട്. 14 ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനിലുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലായതിനാല്‍ അതാത് ഓഫീസുകള്‍ തന്നെയാണു കരം അടയ്ക്കേണ്ടത്.
ടാപ്പുകളുടെ എണ്ണം അനുസരിച്ചാണ് കരം നിശ്ചയിച്ചിട്ടുള്ളത്. ചില ഓഫീസുകളില്‍നിന്നു പണം എത്തിയെങ്കിലും തുക പൂര്‍ണമായി ലഭിച്ചിട്ടില്ല.
റവന്യൂ റിക്കവറിക്കു നീക്കം
കുടിശികയുള്ള കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടും പണം അടയ്ക്കുന്നില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികളിലേക്കു കടക്കാനാണ് ജലഅഥോറിറ്റിയുടെ തീരുമാനം. രണ്ടുവര്‍ഷത്തിലധികമായി വെള്ളക്കരം അടയ്ക്കാത്ത കണക്ഷന് ഉടമകള്‍ വരെയുണ്ട്. ഉപയോക്താക്കള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തിയും ഓണ്‍ലൈനായും കുടിശിക തുക അടയ്ക്കാമെന്ന് ജല അഥോറിറ്റി അറിയിച്ചു. കോവിഡ് കാലത്തെ പിരിവ് മന്ദഗതിയിലായതോടെയാണ് കുടിശിക വര്‍ധിച്ചതെന്നും പറയുന്നു.