സ്വയംവരത്തിന് വാർഷികമൊരുക്കാൻ ഫണ്ട് ആവശ്യപ്പെട്ടുള്ള ഉത്തരവ് വിവാദത്തിൽ
1262763
Saturday, January 28, 2023 10:29 PM IST
പത്തനംതിട്ട: അടൂർ ഗോപാലകൃഷ്ണൻ സംവിധാന ചെയ്ത സ്വയം വരം സിനിമയുടെ അന്‍പതാം വാർഷികം ആഘോഷിക്കാൻ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവ് വിവാദത്തിൽ. അടൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ചെലവിലേക്ക് ഓരോ പഞ്ചായത്തും തനതു ഫണ്ടിൽ നിന്നു 5000 രൂപ വീതം നൽകാനാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്.
എന്നാൽ സാന്പത്തിക ഞെരുക്കത്തിലായ ഗ്രാമപഞ്ചായത്തുകൾ ഭൂരിപക്ഷവും ഉത്തരവിനോടു വിയോജിച്ചു. തനതഫണ്ട് തന്നെ ഇല്ലെന്ന സ്ഥിതിയിലാണ് പല പഞ്ചായത്തുകളുടെയും പ്രവർത്തനം. കഴിഞ്ഞയിടെ ശുചിത്വ മിഷൻ കോൺക്ലേവിനുവേണ്ടി 25,000 രൂപവരെയാണ് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സിനിമയുടെ വാർഷികത്തിന് സംഘാടകസമിതി
കൺവീനറുടെ കത്ത് പരിഗണിച്ചാണ് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.
തെരുവുനായ നിർമാർജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഇക്കുറി തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ട് വിനിയോഗിക്കേണ്ടിവന്നു. മുൻവർഷങ്ങളിൽ കോവിഡ്, പ്രളയകാലത്തൊക്കെ ചെലവഴിച്ച പണം സർക്കാർ മടക്കിനൽകിയിട്ടില്ല. സാന്പത്തിക വർഷാവസാനത്തിലെത്തി നിൽക്കേ തനതു ഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാനാകാത്ത സ്ഥിതിയിലാണ് പഞ്ചായത്തുകൾ.