മെഴുവേലി സെന്റ് തെരേസാസ് ദേവാലയത്തിൽ പുനഃപ്രതിഷ്ഠയും തിരുനാളും
1225252
Tuesday, September 27, 2022 10:44 PM IST
കിടങ്ങന്നൂർ: മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദേവാലയ പുനഃപ്രതിഷ്ഠയും തിരുനാളും ഒക്ടോബർ ഒന്നു മുതൽ ഒന്പതു വരെ നടക്കും.
മലങ്കര സഭയിൽ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുശേഷിപ്പു പ്രതിഷ്ഠിച്ചിട്ടുള്ള ഏക ദേവാലയമാണിത്. ഒന്നിന് വൈകുന്നേരം ആറിന് തിരുരൂപ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കന്നത്. രണ്ടിനു രാവിലെ എട്ടിന് പത്തനംതിട്ട രൂപത പ്രഥമാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പുനഃപ്രതിഷ്ഠ ശുശ്രൂഷകൾ നടക്കും. തുടർന്ന് മെത്രാപ്പോലീത്ത തിരുനാൾ കൊടിയേറ്റും. 9.30ന് ദാന്പത്യ റൂബി ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കും. ദേവാലയ അംഗമായ ചലച്ചിത്ര സംവിധായകൻ ഡോ. ജിസ് തോമസിനെ ചടങ്ങിൽ അനുമോദിക്കും.
അഞ്ചിനു രാവിലെ ഒന്പതിന് യുവജന സെമിനാറിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഫാ. സിനോജ് ക്ലാസിന് നേതൃത്വം നൽകും. 5, 6 തീയതികളിൽ വൈകുന്നേരം ആറിന് റവ. ജോസ് ചാമക്കാല കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനം. ഏഴിനു വൈകുന്നേരം ആറിന് കുറിയാനിപ്പള്ളി സാബു രാജൻ ആനന്ദഭവനിന്റെ വസതിയിൽ നിന്നും തിരുനാൾ റാസ നടക്കും. എട്ടിനു വൈകുന്നേരം 6.30ന് സണ്ടേസ്കൂൾ വാർഷിക സമ്മേളനം.
ഒന്പതിന് രാവിലെ വിശുദ്ധ കുർബാനയേ തുടർന്ന് വികാരി ജനറാൾ ഫാ.ഡോ. ഷാജി മാണികുളം സമാപന ആശിർവാദം നൽകും. ചൈൽഡ് ടീം അംഗം രാജി പി. സ്കറിയ ക്ലാസെടുക്കും. തുടർന്ന് സ്നേഹവിരുന്ന്, കൊടിയിറക്ക്.
4,5,6 തീയതികളിൽ വൈകുന്നേരം 4.30ന് ജപമാലയും കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിൽ നടക്കുന്ന കുർബാനകൾക്ക് ഫാ. വർഗീസ് തയ്യിൽ, ഫാ. ഡേവിഡ് പേഴുംമൂട്ടിൽ, ഫാ. തോമസ് നെടുമാങ്കുഴി, ഫാ. തോമസ് വടക്കേക്കര, ഫാ. റോബിൻ മനക്കലേത്ത്, റവ. ദാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ, റവ. സെബാസ്റ്റ്യൻ ആമ്പശേരിൽ കോർ എപ്പിസ്കോപ്പ, വികാരി ഫാ. സാമുവേൽ തെക്കേകാവിനാൽ എന്നിവർ മുഖ്യകാർമികരാകും.