പത്താംക്ലാസുകാരന്റെ മരണം: അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍
1493007
Monday, January 6, 2025 6:16 AM IST
കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ അയല്‍വാസി ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു (33), ഭര്‍ത്താവ് സുരേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ചവറയിലെ ബന്ധുവീട്ടില്‍ നിന്ന് എസ്എച്ച്ഒ കെ.ബി. മനോജ് കുമാര്‍, എസ്ഐമാരായ കെ.എച്ച്. ഷാനവാസ്, രഘുനാഥ്, വനിത സിപിഒ സ്വാതി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇരുവര്‍ക്കെതിരെയും ചുമത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12.45 ഓടെയാണ് കുന്നത്തൂര്‍ അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കുന്നത്തൂര്‍ പടിഞ്ഞാറ് ശിവരഞ്ജിനിയില്‍ (ഗോപിവിലാസം) ഗോപു-രജ്ഞിനി ദമ്പതികളുടെ മകന് ആദി കൃഷ്ണനെ (15) വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസിയും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക-ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കാട്ടി മാതാപിതാക്കള്‍ മുഖ്യമന്ത്രി, ബാലാവകാശ കമ്മീഷന്, റൂറല്‍ എസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.പ്രതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായി ആക്ഷേപം ഉന്നയിച്ച് നവംബര്‍ 30 ന് രാത്രിയില്‍ ഇവര്‍ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായാണ് പരാതി.
ഒന്നാം പ്രതി ഗീതു കുട്ടിയുടെ ഇടത് കരണത്ത് അടിച്ചതിനെ തുടര്‍ന്ന് നീര് വയ്ക്കുകയും ചെവിയിലൂടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
വീട്ടുകാര്‍ ബാലാവകാശ കമ്മീഷന് പരാതി നല്കാന് ഒരുങ്ങവേയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവ സമയം ഭിന്നശേഷിക്കാരനായ ഇളയ സഹോദരന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്ന ആദികൃഷ്ണ രോഗികളും നിര്‍ധനരുമായ മാതാപിതാക്കളുടെയും സഹോദരന്റെയും ഏക പ്രതീക്ഷയായിരുന്നു.