അമൃത വിശ്വവിദ്യാപീഠവുമായി സഹകരിക്കാൻ ബ്രേക്ക്ത്രൂ ബയോ സയന്റിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്
1493011
Monday, January 6, 2025 6:16 AM IST
കരുനാഗപ്പള്ളി: അക്കാദമിക ഗവേഷണ രംഗത്ത് സഹകരിക്കാൻ അമൃത വിശ്വവിദ്യാപീഠവും ബ്രേക്ക്ത്രൂ ബയോ സയന്റിസ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡും ധാരണയായി. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ബ്രേക്ക്ത്രൂ ബയോ സയന്റിസ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് (ബിബിഎസ്പിഎൽ) മാനേജിംഗ് ഡയറക്ടർ ഡോ. നരേന്ദ്രൻ,
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ ജി. നായർ എന്നിവർ ചേർന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ബാക്ടീരിയൽ കോറം സെൻസിംഗിനെ അടിസ്ഥാനമാക്കിയുള്ള വിപുലമായ ബയോടെക്നോളജി ഗവേഷണത്തിനുള്ള സഹകരണത്തിനാണ് ഇരുകൂട്ടരും ധാരണയായത്. അംഗീകൃത സർവകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയുമായി ബിബിഎസ്പിഎല്ലിനുള്ള ഈ സഹകരണം രണ്ട് സ്ഥാപനങ്ങൾക്കും വലിയ സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് ഡോ. നരേന്ദ്രൻ അറിയിച്ചു.
ഈ സഹകരണത്തിലൂടെ പിഎച്ച്ഡി ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. കേരള അക്കാദമി ഓഫ് സയൻസ് പ്രസിഡന്റ് പ്രഫ.ജി.എം. നായർ, ജവഹർ ലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറും കേരള ബയോടെക്നോളജി കമ്മീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവയുടെ ഉപദേശകനുമായ ഡോ. കെ.കെ. നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.