വെള്ളത്തിലായ ജലനിധി
1478059
Sunday, November 10, 2024 7:56 AM IST
ആലക്കോട്: പഞ്ചായത്തിലെ ജലനിധി പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിലച്ചു. 11 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് ഒന്പതു കോടിരൂപ ചെലവിൽ നടപ്പാക്കിയ രയറോം-ബീബുംകാട് കുടിവെള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം നിലച്ചത്. 900 ഗുണഭോക്താക്കളാണ് ഇതോടെ ദുരിതത്തിലായത്.
2015-16 വർഷമാണ് പദ്ധതി നടപ്പാക്കിയത്. തുടക്കത്തിൽ ജലവിതരണം ഇടയ്ക്കിടെ മുടങ്ങിയിരുന്നെങ്കിലും പദ്ധതി തുടർന്നു. പിന്നീട് രണ്ടുവർഷക്കാലം ജലവിതരണം പൂർണമായി മുടങ്ങി. പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞവർഷം വീണ്ടും ആരംഭിച്ച ജലവിതരണമാണ് കഴിഞ്ഞ വേനൽക്കാലം മുതൽ മുടങ്ങിക്കിടക്കുന്നത്.
വെള്ളംകിട്ടിയാലും ഇല്ലെങ്കിലും കൃത്യമായി മാസംതോറും സംഖ്യ പിരിച്ചിരുന്നു. കുടിവെള്ള പദ്ധതികൾ പലപ്പോഴും പരാജയപ്പെടാൻ കാരണം വേനലിലും മറ്റും ജലലഭ്യതയുടെ കുറവാണ്. എന്നാൽ, ഈപദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത് രയറോം പുഴയിലെ വറ്റാത്ത ചെകുത്താൻ കയത്തിൽ പണിത തടയണയിൽ നിന്നായിരുന്നു.
15,000 രൂപ മുതൽ 20,000 വരെ ഗുണഭോക്തൃ വിഹിതം അടച്ച് കണക്ഷൻ എടുക്കുകയും അതിനു പുറമെ അയ്യായിരത്തിലധികം രൂപ പൈപ്പിന്റെ വിലയായി നൽകുകയും ചെയ്ത പലർക്കും രണ്ടുമാസം തികച്ചും വെള്ളം കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം മലപ്പുറത്തുള്ള സ്വകാര്യ ഏജൻസിയെ പദ്ധതി നടത്തിപ്പിന്റെ ചുമതല ഏൽപ്പിച്ചിരുന്നു. അവർ കഴിഞ്ഞ വേനൽക്കാലത്ത് നാലു മാസത്തോളം ഇടവിട്ട് ജലവിതരണം നടത്തി. പിന്നീട് മുടങ്ങി. ഇപ്പോൾ പഞ്ചായത്തും പദ്ധതി ഉപേക്ഷിച്ച മട്ടാണ്.
പദ്ധതിയുടെ തുടക്കം മുതൽ പ്രവർത്തനം കാര്യക്ഷമമായി നടന്നില്ല. നിർമാണ പ്രവൃത്തികളുടെ അപാകത മൂലം പൈപ്പുകൾ പൊട്ടുന്നതും പ്രധാന റോഡുകളിൽ വെള്ളമൊഴുകുന്നതായും ഇടയ്ക്കിടെ ജലവിതരണം മുടങ്ങുന്നതായും പരാതി ഉണ്ടായിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ കമ്മിറ്റി അംഗങ്ങളിൽ ചേരിതിരിവും പ്രകടമായിരുന്നു. അത് പഞ്ചായത്ത് ഓഫീസിൽ കൈയാങ്കളിയിൽ വരെ എത്തിയിരുന്നു.