മുനമ്പത്തെ അമ്മമാരുടെ കണ്ണീരിന് പരിഹാരം വേണം: അതിരൂപത മാതൃവേദി
1467545
Friday, November 8, 2024 8:17 AM IST
പയ്യാവൂർ: മുനമ്പത്തെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീരിന് എത്രയും വേഗം സർക്കാർ പരിഹാരം കാണണമെന്ന് തലശേരി അതിരൂപത മാതൃവേദി. പതിറ്റാണ്ടുകളായി മുനമ്പത്തെ താമസക്കാരായ ജനങ്ങൾ സ്വന്തമായി തീറെഴുതിവാങ്ങിയ തങ്ങളുടെ കിടപ്പാടത്തിലുള്ള റവന്യൂ അവകാശങ്ങൾക്ക് വഖഫ് അധിനിവേശത്താൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് അവിടുത്തെ അമ്മമാരും കുഞ്ഞുങ്ങളുമാണ്.
അവരുടെ കണ്ണുനീർ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. വർഷങ്ങളായി അവിടെ താമസിക്കുന്ന അവരുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് അവിടത്തെ അമ്മമാരുടെ ആകുലതകൾ അകറ്റി സ്വസ്ഥമായ ഒരു ജീവിതസാഹചര്യം അവർക്ക് ഒരുക്കണമെന്ന് തലശേരി അതിരൂപത മാതൃവേദി സർക്കാരിനോട് ആവശ്യപ്പെട്ടു. അതിരൂപത ഡയക്ടർ ഫാ.ജോബി കോവാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മിനി മംഗലത്തിൽ, ഷാന്റി സ്റ്റീഫൻ, പ്രസന്ന ജോയ്, ഡിംപിൾ ജോസ് കൂട്ടുങ്കൽ, റീന മാളികപ്പുരയ്ക്കൽ, മേരിക്കുട്ടി, അതിരൂപത ആനിമേറ്റർ സിസ്റ്റർ ലിൻഡെ സിഎച്ച്എഫ് എന്നിവർ പ്രസംഗിച്ചു.