ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച കേസ്; ആത്മഹത്യ പ്രേരണാക്കേസ് റദ്ദ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി
1467544
Friday, November 8, 2024 8:17 AM IST
തലശേരി: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ മൂന്നു ദിവസത്തിനകം വിചാരണയ്ക്കുള്ള നടപടികൾ പൂർത്തിയാക്കണമെന്നും ജസ്റ്റീസ് എ. ബദറുദ്ദീൻ ഹർജി തള്ളിക്കൊണ്ടുള്ള വിധി ന്യായത്തിൽ ഉത്തരവിട്ടു. കണ്ണൂർ മാളികപറമ്പ് കണ്ടത്തിൽ വീട്ടിൽ ധനുഷ (22) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ വിധി. 2018 ഓഗസ്റ്റ് ആറിനാണ് ധനുഷയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതിയും ധനുഷയുടെ ഭർതൃ സഹോദരിയുമായ മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ശ്രേയസിൽ ഷാനി കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ധനുഷയുടെ മാതാവ് സുധ കേസിൽ കക്ഷി ചേർന്നിരുന്നു.
ഒരോ മനുഷ്യരുടെയും മനോനില വ്യത്യസ്തമായിരിക്കുമെന്നും സാഹചര്യങ്ങളാണ് വിലയിരുത്തേണ്ടതെന്നും മൂന്നു ദിവസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഹർജിക്കാരി ഷാനി ഉൾപ്പെടെ നാല് പ്രതികളാണുള്ളത്. ജീവനൊടുക്കുന്നതിന്റെ തലേദിവസം ഭർതൃഗൃഹത്തിൽ ധനുഷ മാനസിക പീഡനത്തിനിരയായതായി പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു.