പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; ജില്ലയിൽ 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി
1599353
Monday, October 13, 2025 5:45 AM IST
കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബൂത്തുകളിലായി 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി. ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 2,06,363 കുട്ടികളാണുള്ളത്. അതിൽ 86.5 ശതമാനം പേർക്കാണ് ഒന്നാം ദിവസമായ ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ 1117 കുട്ടികളാണ് വാക്സിൻ സ്വീകരിച്ചത്.
ജില്ലയിൽ സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി ഒരുക്കിയ 2,215 ബൂത്തുകള്‍ക്കു പുറമെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 53 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിച്ചു. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 26 മൊബൈല്‍ ടീമുകളുമുണ്ടായിരുന്നു. തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ഇന്നും നാളെയും ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി വാക്സിൻ നൽകും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം നിർവഹിച്ചു. കോഴിക്കോട് നഗരസഭ ഡിവിഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എൻഎച്ച്എം പ്രോഗ്രാം ഓഫീസർ ഡോ. സി.കെ. ഷാജി, സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. നവ്യ ജെ. തൈക്കാട്ടിൽ, മാസ് മീഡിയ ഓഫീസർ ഡോ. എൻ. ഭവില, ആർഎംഒ ഡോ. ബിന്ദു എന്നിവർ പങ്കെടുത്തു.
തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും തുള്ളിമരുന്ന് വിതരണം നടത്തി. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ബസ് സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ പൾസ് പോളിയോ ദിനാചാരണ സന്ദേശം നൽകി. സ്ഥിരം സമിതി അധ്യക്ഷയായ ലിസി ഏബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. സുനീർ, സി.പി. റിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, റോട്ടറി ക്ലബ് തിരുവമ്പാടി ഭാരവാഹികളായ റോഷൻ മാത്യു, ഡോ. സിന്റോ, അഡ്വ. ജനിൽ ജോൺ എന്നിവർഡ പ്രസംഗിച്ചു.