ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകും: മുഹമ്മദ് റിയാസ്
1599344
Monday, October 13, 2025 5:28 AM IST
കോഴിക്കോട്: ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയായിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരങ്ങൾ ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വള്ളം കളി ലോകപ്രശസ്തമാണ്. വടക്കൻ ജില്ലകളിലെ ടൂറിസം സാധ്യതകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സിബിഎൽ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതിനുശേഷം 30 കോടി രൂപ അധിക വരുമാനം സർക്കാരിന് ലഭിച്ചു. ഇതിൽ ഭൂരിപക്ഷം ആളുകളും വിനോദ സഞ്ചാരികളാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം സാധ്യതകൾ വികസിക്കുന്നത് നാടിന് ഒന്നാകെ മാറ്റം കൊണ്ടുവരും. ദേശീയപാത വികസനം 450 കിലോമീറ്റർ പൂർത്തിയായി. ദേശീയപാത വികസനം ജനങ്ങളുടെ യാത്രാസൗകര്യത്തിൽ വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സിബിഎൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തിയത്.
കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഓരോ വള്ളത്തിലും 30 തുഴച്ചിലുകാർ. മൂന്ന് ട്രാക്കുകളിലായി അഞ്ച് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് രണ്ട് ലൂസേഴ്സ് മത്സരങ്ങളും ഫൈനൽ മത്സരവും നടന്നു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയായി.
ജനഹൃദയങ്ങൾ കീഴടക്കി ചുരുളൻ വള്ളങ്ങൾ
അതിവേഗതയോടെ ചാലിയാറിനെ മുറിച്ചു മുന്നോട്ടു കുതിച്ച ചുരുളൻ വള്ളങ്ങളെ ആർപ്പ് വിളികളോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്. ചാമ്പ്യൻസ് ബോട്ട് ലീഗ് കാണാനെത്തിയവരെ നേരിൽകണ്ടും വിശേഷം പറഞ്ഞും മന്ത്രി മുഹമ്മദ് റിയാസ് മത്സര വേദിയിൽ നിറസാന്നിധ്യമായിരുന്നു.
വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും മലബാർ മെഹന്തി കൊടുങ്ങല്ലൂർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ചെണ്ട മേളം, സൂഫി നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സിനിമ കഥാപാത്രങ്ങളുടെ കാർട്ടൂൺ വേഷധാരികൾ മത്സരം കാണാനെത്തിയവർക്ക് ചിരി കാഴ്ചയായിരുന്നു. മത്സരത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍ക്കായി അഗ്നിരക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവരുടെ പൂർണ സമയ സേവനവും ഉണ്ടായിരുന്നു.