ഷാഫി പറമ്പില്‍ എംപി ഐസിയുവില്‍ തുടരുന്നു
1599342
Monday, October 13, 2025 5:28 AM IST
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ മുഖത്തിനു സാരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി പറമ്പില്‍ എംപി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ തുടരുന്നു.
വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എംപിയുടെ ഇടതു മൂക്കിന്റെ അസ്ഥി പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തിരുന്നു. മൂക്കിന്റെ പാലം വളയുക കൂടി ചെയ്ത സാഹചര്യത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ ഇന്നലെ നിരവധി നേതാക്കള്‍ സന്ദര്‍ശിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, മുന്‍ എംപി രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ എംഎല്‍എമാരായ കെ.എം. ഷാജി, സി.പി. മുഹമ്മദ്,
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെപിസിസി ഭാരവാഹികളായ സോണി സെബാസ്റ്റ്യന്‍, വി.എ. നാരായണന്, സജീവ് മാറോളി, കെ.സി. അബു, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, ഒ.ജെ. ജനീഷ്, കെ.എം. അഭിജിത്ത് തുടങ്ങിയവര്‍ ഷാഫിയെ സന്ദര്‍ശിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എംപിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്. ഷാഫിയെ സന്ദര്‍ശിക്കാനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്ന് കോഴിക്കോട് എത്തും.
ഷാഫിക്കെതിരേ നടന്നത് ബോധപൂര്‍വമായ ആക്രമണം: ബിനു ചുള്ളിയില്‍
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്കെതിരേ പേരാമ്പ്രയില്‍ ഉണ്ടായത് ബോധപൂര്‍വമായ ആക്രമണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍. ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസില്‍ സിപിഎമ്മിന്റെ ഫ്രാക്ഷന് ആയി പ്രവര്‍ത്തിക്കുന്ന എസ്പിയാണ് ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാനാണ് ഷാഫി പറമ്പിലിനെ പോലീസ് അക്രമിച്ചത്. സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യങ്ങളിലെല്ലാം ഇത്തരത്തില്‍ പോലീസിനെ ഉപയോഗിച്ച് അതിക്രമം നടത്തുന്നത് പതിവാണ്. ഷാഫിയെ ആക്രമിച്ച വിഷയത്തില്‍ എസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ബിനു ചുള്ളിയില്‍ ആവശ്യപ്പെട്ടു.
കെപിസിസി അംഗം എ.എം. രോഹിത്, കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷംസീര്‍ അസാരി ഖാന്, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.പി. ദുല്‍ഖിഫില്‍, ബബിന്‍രാജ്, മുന്‍ ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്, ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അജാസ് അക്ബര്‍ തുടങ്ങിയവരും ബിനു ചുളളിയിലിനൊപ്പമുണ്ടായിരുന്നു.