15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി റിയാസ്
1599081
Sunday, October 12, 2025 4:57 AM IST
കുറ്റ്യാടി: പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ളതാക്കി മാറ്റിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നാദാപുരം നിയോജക മണ്ഡലത്തിലെ ചാപ്പൻതോട്ടം-പൊയിലോംചാൽ- നിരവിൽപുഴ റോഡിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു മന്ത്രി.
സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും റോഡുകളുടെ നിർമാണം നേരിട്ട് പരിശോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഓരോ മാസവും റോഡ് നിർമാണ പ്രവൃത്തി വിലയിരുത്തുന്നുണ്ട്. ഇത്തരം ഇടപെടലുകളിലൂടെയാണ് സംസ്ഥാനത്തെ റോഡുകൾ ഇത്രയധികം മെച്ചപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
രണ്ട് കോടി രൂപ ഭരണാനുമതിയോടെയാണ് ചാപ്പൻതോട്ടം-പൊയിലോംചാൽ- നിരവിൽപുഴ റോഡ് നിർമിക്കുന്നത്. ചാപ്പൻതോട്ടം മുതൽ പൊയിലോംചാൽ വരെ 3.80 മീറ്റർ വീതിയിൽ 40 എംഎംഎം എസ്എസ് പ്രവൃത്തിയും നാല് കലുങ്കുകൾ, അത്യാവശ്യ ഭാഗങ്ങളിൽ ഓവുപാൽ, ഐറിഷ് ബ്രെയിൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാർക്കിംഗ്, സൂചനാ ബോർഡുകൾ, സ്റ്റഡുകൾ എന്നീ സംവിധാനങ്ങളും ഒരുക്കും. ചടങ്ങിൽ ഇ.കെ. വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.