ശബരിമലയിൽ നടത്തിയത് തീവെട്ടിക്കൊള്ള: ഷാഫി പറമ്പിൽ എംപി
1598811
Saturday, October 11, 2025 4:52 AM IST
നാദാപുരം: കേരളം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ശബരിമലയിൽ നടന്ന സ്വർണത്തട്ടിപ്പെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. ദേവസ്വം ബോർഡും സർക്കാരും സ്പോൺസർ ചെയ്ത തട്ടിപ്പാണത്. തട്ടിപ്പിന് മറപിടിക്കാനാണ് ആഗോള അയ്യപ്പസംഘമം സംഘടിപ്പിച്ചത്.
പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ സ്പോൺസർമാരെ ഏല്പിച്ച ലോകത്തിലെ ആദ്യത്തെ സർക്കാരാണ് പിണറായിയുടേതെന്നും ഷാഫിപറമ്പിൽ പറഞ്ഞു. നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ചു.മതവിശ്വാസമില്ലാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വർണം ചെമ്പാക്കുന്ന തട്ടിപ്പുകാരെയാണ് വിശ്വാസമെന്ന് നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.
ശബരിമല വിഷയത്തിൽ കെ. മുരളീധരൻ നയിക്കുന്ന ജാഥയ്ക്ക് പതിനഞ്ചിന് കൊയിലാണ്ടിയിൽ നൽകുന്ന സ്വീകരണം പതിനായിരങ്ങൾ പങ്കെടുക്കുന്ന ബഹുജന പ്രതിഷേധ സംഗമമാക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്, കെ.ടി. ജെയിംസ്, ആവോലം രാധാകൃഷ്ണൻ, വി.വി. റിനീഷ് എന്നിവർ പ്രസംഗിച്ചു