കലുങ്കിന്റെ സംരക്ഷണക്കെട്ട് തകർച്ചയിൽ
1599082
Sunday, October 12, 2025 4:57 AM IST
കൂരാച്ചുണ്ട്: പിഡബ്ല്യുഡിയുടെ അധീനതയിലുള്ള പ്രധാന റോഡിൽ നിർമിച്ചിട്ടുള്ള കലുങ്കിന്റെ സംരക്ഷണ ഭിത്തി തകർച്ചയിൽ. കൂരാച്ചുണ്ട്-കൂട്ടാലിട റോഡിൽ കൈതക്കൊല്ലി മേഖലയിൽ നിർമിച്ചിട്ടുള്ള കലുങ്കിന്റെ അടിത്തറയുടെ കരിങ്കൽ കെട്ടാണ് അപകട ഭീക്ഷണി നേരിടുന്നത്. കെട്ടിന്റെ തകർച്ചയുടെ വ്യാപ്തി ഏറിവരുന്നുണ്ട്.
മാത്രമല്ല കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബിന്റെ കമ്പികളും തുരുമ്പിച്ച് പുറത്തായ നിലയിലാണ്. ഇരുപത് അടിയോളം ഉയരത്തിലുള്ള കലുങ്ക് ആയതിൽ ഉയരത്തിലുള്ള സംരക്ഷണഭിത്തിയുമാണ്. ഇതിന്റെ അടിത്തറയുടെ നിരവധി കല്ലുകൾ അടർന്നുവീണ നിലയിലാണ്. കോഴിക്കോട്ടേക്കുള്ള പ്രധാന റോഡായതിനാൽ ഒട്ടനവധി ബസുകളും ഭാരം കയറ്റിയുള്ള വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.
വർഷങ്ങളായി സംരക്ഷണഭിത്തി തകർച്ചയിലായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കലുങ്കിന്റെ സുരക്ഷ ഉറപ്പാക്കാൻ അറ്റകുറ്റപ്പണി നടത്തണമെന്നും യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.