കായിക മേളയിൽ പത്താം തവണയും നസ്രത്ത് യുപി സ്കൂൾ ചാമ്പ്യന്മാർ
1599079
Sunday, October 12, 2025 4:57 AM IST
താമരശേരി: താമരശേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി പത്താംതവണയും യുപി വിഭാഗം ചാമ്പ്യന്മാരായ നസ്രത്ത് യുപി സ്കൂളിലെ കായിക താരങ്ങൾക്ക് അനുമോദനവും തുടർന്ന് വിജയാഹ്ലാദപ്രകടനവും നടത്തി. സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലസ്സി, കെ.ജി. ഷിബു എന്നിവർ പ്രസംഗിച്ചു. യുപി ഓവറോൾ, സബ്ജൂണിയർ ഗേൾസ് ഓവറോൾ എന്നീ ട്രോഫികൾ കരസ്ഥമാക്കിയാണ് യുപി വിഭാഗത്തിൽ സ്കൂൾ ഒന്നാമതെത്തിയത്.
സബ്ജൂണിയർ ഗേൾസ് വ്യക്തിഗത ചാമ്പ്യൻ ഋതിക ഷൈജുവിനെയും സബ്ജൂണിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ കോഴിക്കോട് ജില്ലാ ടീമംഗമായ മുഹമ്മദ് അഫ്ലഹ്, കോഴിക്കോട് ജില്ലാ സബ്ജൂണിയർ വിഭാഗം ക്രിക്കറ്റ് ടീമംഗമായ ലിയോ ജോൺ തോമസ് എന്നിവരേയും ചടങ്ങിൽ അനുമോദിച്ചു.
മികച്ച പരിശീലനം നൽകി ഉന്നത നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ അധ്യാപകൻ കെ.യു. തോമസിനെയും സദസിൽ ആദരിച്ചു. വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും ഫാ. മിൽട്ടൺ മുളങ്ങാശേരി നൽകി. തുടർന്ന് അധ്യാപകരായ റഫ്നാസ്, ബുഷ്റ, സുസ്മി, ജിയ ജോസഫ്, ഡയാന, ലിബിൻ, പിടിഎ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിജയാഹ്ലാദ റാലി നടത്തി.