വിഷന്‍ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാര്‍: സാമൂഹ്യ മാധ്യമ കാമ്പയിനിലൂടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും
1599083
Sunday, October 12, 2025 4:57 AM IST
കോഴിക്കോട്: സംസ്ഥാനതല "വിഷന്‍ 2031' ന്റെ ഭാഗമായി 18ന് കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പൊതുമരാമത്ത് വകുപ്പ് സെമിനാറിലേക്ക് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കാനായി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരണം നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും തേടുക എന്ന ഉദ്ദേശത്തോടെയാണ് കാമ്പയിന് സംഘടിപ്പിക്കുന്നതെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സെമിനാര്‍ സംഘാടക സമിതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു മന്ത്രി പറഞ്ഞു. സെമിനാറിന്റെ ഭാഗമായി തയാറാക്കുന്ന നയരേഖയില്‍ ജനങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ റോഡുകള്‍, പാലങ്ങള്‍, പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള അവസരമൊരുക്കും. പശ്ചാത്തല വികസനം ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധര്‍, അനുഭവസമ്പത്തുള്ളവര്‍ തുടങ്ങിയവരെ സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
യുവജനങ്ങള്‍, ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങളായ ഐഐഎം, എന്‍ഐടി, ഐഐടി തുടങ്ങി അക്കാദമിക സ്ഥാപനങ്ങളിലെ വിദഗ്ധര്‍, തൊഴിലാളി പ്രതിനിധികള്‍, കരാറുകാരുടെ പ്രതിനിധികള്‍, മുന്‍ ഉദ്യോഗസ്ഥര്‍, റസ്റ്റ് ഹൗസ് ഗുണഭോക്താക്കള്‍, ഗവേഷക വിദ്യാര്‍ഥികള്‍ തുടങ്ങിയവരെയും പ്രതിനിധികളായി പങ്കെടുപ്പിക്കും.