ദേശീയപാത: പാലാഴി ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
1467696
Saturday, November 9, 2024 6:25 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: കാത്തിരിപ്പുകള്‍ക്ക് വിരാമമായി വെങ്ങളം- രാമനാട്ടുകര ദേശീയപാതയിലെ പ്രധാന മേല്‍പാലങ്ങളിലൊന്നായ പാലാഴി ജംഗ്ഷനിലെ ഹൈലൈറ്റ് മാളിന് മുന്‍പിലുള്ള മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ദേശീയപാതയില്‍ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഇവിടെ മേല്‍പാല പ്രവൃത്തികള്‍ തീരാന്‍ ഉദ്ദേശിച്ചതിലും അധികം സമയം വേണ്ടിവന്നു.
എന്നാലും പാല നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയ രീതിയിലുള്ള ഗതാഗതകുരുക്കിനായിരിക്കും പരിഹാരമാകുക. വെങ്ങളം –രാമനാട്ടുകര ദേശീയപാതയില്‍ പുതിയതും പഴയതുമായി ഏഴ് മേല്‍പാലങ്ങളാണ് ഉള്ളത്.തൊണ്ടയാടും രാമനാട്ടുകരയിലും നിലവിൽ ഓരോ മേൽപാലങ്ങൾ ഉള്ളതിനാൽ പുതുതായി ഓരോന്നു വീതമാണ് അനുബന്ധമായിനിർമിച്ചത്. അഴിഞ്ഞിലം, പന്തീരാങ്കാവ്, പാലാഴി ജംഗ്ഷന്, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചത്.
ഇതിൽ അഴിഞ്ഞിലത്ത് രണ്ട് പാലവും തുറന്നു. പന്തീരാങ്കാവിലും രാമനാട്ടുകരയിലുംമേല്പാല പ്രവൃത്തി പൂര്‍ത്തിയായി. ഗതാഗതത്തിന് തുറന്നുകൊടുത്തു. പൂളാടിക്കുന്നിലെ മേല്‍പാല പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. മലാപാറമ്പ് ജംഗ്ഷനിലെ മേല്‍പാത നിര്‍മാണം ആരംഭിച്ചിട്ടേയുള്ളു. വെങ്ങളം മേല്‍പാത ഭാഗികമായി തുറന്നുകൊടുത്തു. ഈ ഡിസംബറിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ദേശീയപാത നവീകരണം നിലവിലെ സാഹചര്യത്തില്‍ ആറുമാസത്തോളമെങ്കിലും നീളുമെന്നാണ് വിലയിരുത്തല്‍.