മഞ്ഞപ്പിത്തം പിടിപെട്ടത് 200 പേര്‍ക്ക് : ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി
1454615
Friday, September 20, 2024 4:29 AM IST
ചങ്ങരോത്ത്: മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതുവരെ 200 ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് രോഗം വ്യാപിക്കുന്നത്. തുടര്‍ന്ന് ജലപരിശോധന നടത്തിയെങ്കിലും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
സ്കൂളിലെ കിണറും കുടിവെള്ളവുമാണ് പരിശോധിച്ചത്. ഒരാഴ്ച്ചമുമ്പാണ് വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 75ഓളം കുട്ടികളില്‍ ആദ്യം മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്. വൈകാതെ മുതിര്‍ന്നവരിലും രോഗം കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ പേരില്‍ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അതിനാല്‍ തന്നെ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഓണാഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. രോഗം കൂടുതല്‍ മേഖലയിലേയ്ക്ക് പടരുന്നത് ഒഴിവാക്കാനായിരുന്നു തീരുമാനം.
സ്കൂളിന് സമീപത്തെ കടകളില്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്. നിലവില്‍ ശീതളപാനീയങ്ങളുടെ കച്ചവടം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അവധിക്കാലമായതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍ കരുതലുകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.