മുന്നറിയിപ്പ് അവഗണിച്ച് പതങ്കയത്ത് സഞ്ചാരികളുടെ ഒഴുക്ക്
1430203
Wednesday, June 19, 2024 7:02 AM IST
കോടഞ്ചേരി: അവധി ദിവസങ്ങളിൽ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിൽ ഇറങ്ങുന്നു. മഴക്കാലമായതിനാൽ ഏത് നിമിഷവും വനത്തിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശമാണിത്.
പുഴയുടെ പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും വനത്തിൽ മഴ പെയ്യുന്നത് അറിയുവാൻ സാധിക്കുകയില്ല. ഇതുമൂലം ഇവിടെ സ്ഥിരമായി അപകടങ്ങൾ സംഭവിക്കാറുണ്ട്. പതങ്കയത്ത് നഷ്ടപ്പെട്ട പല ജീവനുകളും മലവെള്ളപ്പാച്ചിലുകളിൽ പെട്ടുപോയവരാണ്.
പോലീസിന്റെയും പഞ്ചായത്തിന്റെയും മുന്നറിയിപ്പ് അവഗണിച്ച് പെരുന്നാൾ ദിനത്തിൽ നിരവധി പേരാണ് വെള്ളത്തിൽ ഇറങ്ങിയത്. കോടഞ്ചേരി പോലീസ് സ്ഥലത്ത് എത്തിയാണ് സഞ്ചാരികളെ പുഴയിൽനിന്ന് കയറ്റി വിട്ടത്.